ചക്ക മഹോത്സവത്തിനൊരുങ്ങി ഗോവ രാജ്ഭവൻ
text_fieldsപനാജി: ഗോവ രാജ്ഭവന്റെ പ്രഥമ ചക്ക മഹോത്സവം ശനിയാഴ്ച നടക്കും. ഉച്ചക്ക് 12ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. ബിഹാർ ഗവർണർ രാജേന്ദ്ര ആർലേക്കർ, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും.
രാജ്ഭവൻ ദർബാർ ഹാളിൽ വിവിധതരം ചക്ക ഉൽപന്നങ്ങളുടെ പ്രദർശനവും ചക്ക വിഭവങ്ങൾ അടങ്ങിയ സദ്യയുമുണ്ടാകും. ഗോവയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് പ്ലാവിൻ തൈകൾ നൽകും. ശ്രീധരൻപിള്ള ഗോവ ഗവർണറായി ചുമതലയേറ്റതിന് പിന്നാലെ 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനത്തിൽ രാജ്ഭവനിൽ തുടങ്ങിയ പ്ലാവിൻ തോട്ടത്തിലെ വിളവെടുപ്പ് കൂടിയാണ് ശനിയാഴ്ച. അന്ന് നട്ട 71 പ്ലാവിൻ തൈകളിൽ ഏഴെണ്ണത്തിലാണ് ചക്കകളുണ്ടായത്.
ചില പൗരാണിക ഗ്രന്ഥങ്ങൾ ദേവവൃക്ഷ ഗണത്തിൽ പെടുത്തിയ പ്ലാവ് കേരളത്തിന്റെ സംസ്ഥാന ഫലവും ഗോവയുടെ സംസ്കാരവും പാരമ്പര്യവും പേറുന്ന ശ്രദ്ധേയമായ ഫലവുമാണെന്ന് രാജഭവൻ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഔഷധ ഗുണങ്ങളും സമ്പുഷ്ടിയുമുള്ള ആഹാരമായി ചക്ക ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗോവയിൽ ചക്ക കൃഷിയുടെ വ്യാപനവും ഉപഭോഗവും ഉയർത്തിക്കൊണ്ട് വരാനാണ് ചക്ക മഹോത്സവത്തിലൂടെ ശ്രമിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.