പേട്ടൽ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഗോവ മോചനം നേരത്തേ നടന്നേനെയെന്ന് മോദി
text_fieldsപനാജി: സർദാർ വല്ലഭ്ഭായ് പേട്ടൽ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ, ഗോവ പോർചുഗീസുകാരിൽനിന്ന് നേരത്തേ മോചിപ്പിക്കാനാകുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗോവ മോചന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1961ലെ ഗോവ സൈനിക നടപടിയുടെ ('ഓപറേഷൻ വിജയ്) ഓർമക്ക് എല്ലാവർഷവും ഡിസംബർ 19നാണ് ഗോവ മോചനദിനമായി ആചരിക്കുന്നത്. 1950 ഡിസംബർ 15നാണ് നെഹ്റു മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായിരുന്ന പേട്ടൽ മരിക്കുന്നത്.
ആളോഹരി വരുമാനം, എല്ലാ വീടുകളിലും പൈപ്പുവെള്ളം, മാലിന്യ ശേഖരണം തുടങ്ങി വിവിധ രംഗങ്ങളിൽ ഗോവ മാതൃകയാണെന്ന് മോദി പറഞ്ഞു.
ഗോവ മുൻ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹർ പരീകറെ സ്മരിച്ച മോദി, ചടങ്ങിൽ ഗോവ മോചനത്തിൽ പങ്കെടുത്തവരെയും സ്വാതന്ത്ര്യസമര സേനാനികളെയും ആദരിച്ചു. മുഗൾകാലത്താണ് ഗോവ പോർചുഗീസുകാർക്ക് കീഴിലാകുന്നത്. പക്ഷേ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഗോവക്കാർ അവരുടെ സ്വത്വം മറന്നില്ല. ഇന്ത്യ ഗോവയെയും മറന്നില്ല. ഗോവയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 'ഓപറേഷൻ വിജയ്'യുടെ 60ാം വാർഷികത്തിൽ മോദി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.