ഗോവൻ കാർണിവെൽ; ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം
text_fieldsപനാജി: ചെറുസംസ്ഥാനത്തേക്ക് രാജ്യത്തിന്റെ വമ്പൻ കായികമേളയെത്തുന്നതിന്റെ അങ്കലാപ്പൊന്നും ഗോവയിൽ കാണാനില്ല. ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് ചരിത്രസംഭവമാക്കാൻ ഒരുങ്ങി തീരസംസ്ഥാനം. അഭിമാനത്തോടെ ഗോവ അണിയിച്ചൊരുക്കുന്ന കായിക കാർണിവലിന് വ്യാഴാഴ്ച ഔദ്യോഗിക തുടക്കം. ഇനി മൂന്നാഴ്ച കായിക ആരവത്തിന്റെ ആഘോഷക്കാലം. രണ്ട് വർഷങ്ങൾക്ക് മുമ്പുതന്നെ ഒരുക്കങ്ങൾക്ക് തുടക്കമിട്ടതിനാൽ അവസാനവട്ട അതിവേഗ പാച്ചിലുകളെങ്ങും ദൃശ്യമല്ല. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരിട്ടാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബുധനാഴ്ച രാവിലെ കാംപൽ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ അദ്ദേഹം ഒരുക്കങ്ങൾ വിലയിരുത്തി. രാജ്യത്തെ താരങ്ങൾക്ക് ഏറ്റവും മികച്ച അനുഭവമാകും ഗോവ ദേശീയ ഗെയിംസെന്ന് സാവന്ത് പറഞ്ഞു.
2015ല്‍ കേരളം ആതിഥേയത്വം വഹിച്ച ഗെയിംസിനുശേഷം ഗോവക്കായിരുന്നു നറുക്ക്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ വൈകിയതോടെ നീണ്ടു. അതിനിടെ കോവിഡ് വന്നതോടെ ഗെയിംസ് നീണ്ടു. പിന്നീട് കഴിഞ്ഞവർഷം ഗുജറാത്ത് സന്നദ്ധത അറിയിക്കുകയും ഗെയിംസിന് ആതിഥേയത്വം വഹിക്കുകയും ചെയ്തു. ഗോവയിലെ ആറ് നഗരങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങൾ. 10,500 താരങ്ങളും ഗോവയുടെ മണ്ണിലേക്കെത്തിക്കഴിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഗെയിംസിന്റെ 37ാം പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ സുവർണതാരം നീരജ് പ്രോച ഗെയിംസ് പതാക കൈമാറും. 28 സംസ്ഥാനങ്ങൾ, എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾ, സർവിസസ് സ്പോർട്സ് കൺട്രോൾ ബോർഡ്(സർവിസസ്) അടക്കം 37 ടീമുകൾ പങ്കെടുക്കുന്ന ഗെയിംസ് നവംബർ ഒമ്പതിനാണ് സമാപിക്കുന്നത്.
ഈ വർഷം ഉൾപ്പെടുത്തിയ ഏഴ് എണ്ണം അടക്കം 43 ഇനങ്ങളിലാണ് മത്സരം. സർവിസസാണ് നിലവിലെ ജേതാക്കൾ. വ്യാഴാഴ്ച നടക്കുന്ന മാർച്ച്പാസ്റ്റിൽ നീന്തൽ താരം ഒളിമ്പ്യൻ സജൻ പ്രകാശ് കേരളത്തിന്റെ പതാകയേന്തും. 19ന് മത്സരങ്ങൾ ആരംഭിച്ചിരുന്നു. ബുധനാഴ്ച നെറ്റ്ബാളിൽ വെള്ളിനേടി കേരളം മെഡൽപട്ടികയിൽ ഇടംപിടിച്ചു. രണ്ട് ദേശീയ റെക്കോഡുകളും ബുധനാഴ്ച പിറന്നു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സർവിസസിന്റെ ദിപാസി ഗുര്സലെയും പ്രശാന്ത് കോലിയുമാണ് ദേശീയ റെക്കോഡിട്ടത്. വനിതകളുടെ 45 കിലോ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ കോമള്‍ കൊഹാറിന്റെ റെക്കോഡാണ് ദിപാസ് തകര്‍ത്തത്. പുരുഷ വിഭാഗം 55 കിലോ കാറ്റഗറിയില്‍ മഹാരാഷ്ട്രയുടെ മുകുന്ദ് അഹറിന്റെ റെക്കോഡാണ് പ്രശാന്ത് കോലി പുതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.