എല്ലാവരും ഒരു ദിവസം മരിക്കേണ്ടിവരുമെന്ന് ആൾദൈവം ഭോലെ ബാബ
text_fieldsഹാഥറസ് (ഉത്തർ പ്രദേശ്): യു.പി.യിലെ ലഖ്‌നോക്കടുത്ത് ഹാഥറസ് ദുരന്തത്തിൽ തിക്കിലും തിരക്കിലും ആൾക്കാർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി വിവാദ ആൾദൈവം ഭോലെ ബാബ.
സംഭവത്തിൽ താൻ അസ്വസ്ഥനാണെന്നും എന്നാൽ എല്ലാവരും ഒരു ദിവസം മരിക്കേണ്ടിവരുമെന്നും പി.ടി.ഐ വിഡിയോയിൽ അദ്ദേഹം പറഞ്ഞു. തന്റെ പ്രാർഥന സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പി.ടി.ഐ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
എല്ലാവരും ഒരു ദിവസം മരിക്കണം, സമയം മാത്രം ഉറപ്പില്ല, അദ്ദേഹം പറഞ്ഞു. ജൂലൈ രണ്ടിന് നടന്ന സംഭവത്തിന് ശേഷം താൻ വളരെ വിഷാദവാനും അസ്വസ്ഥനുമായിരുന്നു.
പക്ഷേ സംഭവിക്കാനുള്ളത് ഒഴിവാക്കാൻ ആർക്കും കഴിയില്ല. വിഷം കലർന്ന സ്‌പ്രേയെക്കുറിച്ച് എന്റെ അഭിഭാഷകനും ദൃക്‌സാക്ഷികളും പറഞ്ഞത് പൂർണ്ണമായും ശരിയാണ്. തീർച്ചയായും ഗൂഢാലോചന നടന്നിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. സനാതനത്തിന്റെയും സത്യത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തന്റെ സംഘടനയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസ്ഗഞ്ചിലെ ബഹദൂർ നഗർ ഗ്രാമത്തിലുള്ള തൻ്റെ ആശ്രമത്തിൽ ഭോലെ ബാബ എത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ എ.പി. സിംഗ് പറഞ്ഞു. ജൂലൈ രണ്ടിന് ഹാഥറസിലെ സിക്കന്ദരാരു മേഖലയിൽ ഭോലെ ബാബയുടെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും ജുഡീഷ്യൽ കമ്മീഷനെയും നിയോഗിച്ചു. മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകർ അടക്കം ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.