'ദൈവത്തിന് പ്രത്യേക സ്ഥലത്തിന്‍റെ ആവശ്യമില്ല; പൊതുഭൂമിയിൽ ക്ഷേത്രം അനുവദിക്കില്ല'- മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ദേശീയപാതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ക്ഷേത്രം അനുവദിക്കില്ലെന്ന് മദ്രാസ് ഹൈകോടതി. തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വേപ്പൻതട്ടയിലെ ക്ഷേത്രം നീക്കം ചെയ്യുന്നതിനായി ദേശീയപാത വിഭാഗം നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് പെരിയസാമി നൽകിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. ദൈവം സർവവ്യാപിയാണെന്നും ദൈവത്തിന് ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിന്‍റെ പിന്നിൽ മതഭ്രാന്താണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതു സ്ഥലത്ത് അനധികൃതമായി പണിത ക്ഷേത്രം നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരൻ ഹരജിയുമായി എത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി മന്ദിരം അവിടെയുണ്ടെന്നും പൊതുജനങ്ങൾക്ക് യാതൊരു വിധ തടസ്സങ്ങളുണ്ടായിട്ടില്ലെന്നും ഹരജിയിൽ പറഞ്ഞു. നിരവധി ഭക്തജനങ്ങൾ ആരാധനക്കായി അവിടെ എത്താറുണ്ട്.
എന്നാൽ ക്ഷേത്രം നിലക്കൊള്ളുന്ന സ്ഥലം തന്‍റേതാണെന്ന് കാണിക്കാനുള്ള രേഖകൾ സമർപ്പിക്കാൻ പരാതിക്കാരനായില്ല. ഭക്ത ജനങ്ങളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ വിഗ്രഹം സ്വന്തം പേരിലുള്ള സ്ഥലത്തോ ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്തോ സ്ഥാപിക്കണം. പൊതുഭൂമി ജാതി-മതാടിസ്ഥാനത്തിൽ വിനിയോഗിക്കാനുള്ളതല്ല. അത് പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി.
കോടതി ഹരജിക്കാരന്റെ വാദം അംഗീകരിച്ചാൽ ആളുകൾ യാതൊരു തടസവുമില്ലാതെ പൊതുഭൂമികൈയേറുന്നത് തുടരുമെന്നും അനധികൃതമായി ഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.