കാളിദേവിയുടെ അനുഗ്രഹം രാജ്യത്തോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ലോക ക്ഷേമത്തിനായി ആത്മീയ ഊർജവുമായി മുന്നേറുന്ന രാജ്യത്തിന് കാളിദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമകൃഷ്ണ മഠത്തിന്റെ 15-ാമത് അധ്യക്ഷനായിരുന്ന സ്വാമി ആത്മസ്ഥാനന്ദയുടെ ശതാബ്ദി ആഘോഷചടങ്ങിനെ വിഡിയോകോളിലൂടെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി രാമകൃഷ്ണ പരമഹംസന് കാളിദേവിയുടെ ദർശനം ഉണ്ടായിരുന്നു. തന്റെ മുഴുവൻ സത്തയും മാ കാളിയുടെ പാദങ്ങളിൽ അദ്ദേഹം സമർപ്പിച്ചു. ഈ ലോകം മുഴുവനും ദേവിയുടെ ചേതനയാൽ വ്യാപിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ബംഗാളിലെ കാളിപൂജയിൽ ഈ ചേതന ദൃശ്യമാണ്. ബംഗാളിന്റെയും രാജ്യത്തിന്റെയും വിശ്വാസത്തിൽ ഈ ചേതന ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാളി ദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ലീന മണിമേഖലയുടെ 'കാളി' ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്ന് മഹുവ മൊയ്ത്ര പറഞ്ഞിരുന്നു. എന്നാൽ പരാമർശനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
കാളിദേവിയെ എങ്ങനെ പൂജിക്കണമെന്ന് ബംഗാളികളെ പഠിപ്പിക്കാൻ ബി.ജെ.പി ആരാണെന്നും മഹുവ ചോദിച്ചിരുന്നു. ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബി.ജെ.പിയെന്നും അവർ അഭിപ്രായപ്പെട്ടു.
അതിനിടെ മൊയ്ത്രയുടെ പരാമർശത്തെ തള്ളി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. കാളീദേവിയെ കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പ്രസ്താവനയും അതിനോടുള്ള അവരുടെ കാഴ്ചപ്പാടും വ്യക്തിപരമാണെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.