തീവെപ്പിെൻറ 20ാം ആണ്ട്; ദുരൂഹതയുടെ പുകയടങ്ങാതെ ഗോധ്ര
text_fieldsഅഹ്മദാബാദ്: വംശഹത്യാരാഷ്ട്രീയത്തിന്റെ പാളത്തിലേക്ക് രാജ്യത്തെ തള്ളിവിട്ട ഗോധ്ര ട്രെയിൻ തീവെപ്പ് നടന്നിട്ട് ഇന്നേക്ക് ഇരുപതാണ്ട്. 26 സ്ത്രീകളും 12 കുഞ്ഞുങ്ങളുമുൾപ്പെടെ നിരപരാധികളായ 59 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ച സംഭവത്തിന് രണ്ട് പതിറ്റാണ്ട് തികയുമ്പോഴും ദുരൂഹതയുടെ പുകയടങ്ങിയിട്ടില്ല. അയോധ്യയിൽ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച പൂർണാഹൂതി മഹായജ്ഞത്തിൽ പങ്കെടുത്തു മടങ്ങിയ കർസേവകർ സഞ്ചരിച്ച സബർമതി എക്സ്പ്രസിന്റെ എസ് 6 കോച്ചാണ് 2002 ഫെബ്രുവരി 27ന് രാവിലെ ഗുജറാത്തിലെ ഗോധ്ര സ്റ്റേഷന് അൽപമകലെ വെച്ച് തീ വെക്കപ്പെട്ടത്. കർസേവകരും ഗോധ്ര സ്റ്റേഷനിലെ കച്ചവടക്കാരും തമ്മിൽ സ്റ്റേഷനിൽ വാക്കുതർക്കമുണ്ടായിരുന്നു. ട്രെയിൻ യാത്ര പുനരാരംഭിച്ച് ഒരു കിലോമീറ്റർ പിന്നിട്ട ശേഷമാണ് തീ പടർന്നത്. വാക്കുതർക്കത്തിന്റെ തുടർച്ചയായി പ്രദേശവാസികൾ ആയുധങ്ങളും ഇന്ധനവുമായി സംഘടിച്ചെത്തി തീവെക്കുകയായിരുന്നുവെന്നും ഇത് ആസൂത്രിത കുറ്റമാണെന്നുമായിരുന്നു കേസ്. ഗുജറാത്ത് വംശഹത്യ അന്വേഷിച്ച നാനാവതി കമീഷനും ഗൂഢാലോചന നിഗമനം ശരിവെച്ചു. എന്നാൽ, തീ പടർന്നത് ട്രെയിനിനുള്ളിൽ നിന്നാണെന്നായിരുന്നു ഗോധ്ര തീവെപ്പ് അന്വേഷിക്കാൻ 2004ൽ കേന്ദ്ര റെയിൽവേ മന്ത്രാലയം നിയോഗിച്ച യു.സി.ബാനർജി കമീഷന്റെ കണ്ടെത്തൽ. എന്നാൽ ഗുജറാത്ത് സർക്കാറും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഈ വാദത്തെ തള്ളിക്കളയുന്നു.
ഗോധ്ര തീവെപ്പുമായി ബന്ധപ്പെട്ട് നാട്ടുകാരായ നൂറുകണക്കിനാളുകളാണ് പിടിയിലായത്. ഒമ്പതു വർഷത്തിന് ശേഷം വാദം കേട്ട പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളിൽ 11 പേരെ വധശിക്ഷക്കും 26 പേരെ ജീവപര്യന്തത്തിനും വിധിച്ചു. പിന്നീട് വധ ശിക്ഷ ഹൈകോടതി ജീവപര്യന്തമാക്കി.
പ്രാഥമിക അന്വേഷണത്തിന് മുൻപ് തന്നെ നിഗമനങ്ങളും വ്യാഖ്യാനങ്ങളും ചമക്കപ്പെടുകയും അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെ സംഭവം പൂർണമായി വർഗീയ-രാഷ്ട്രീയവത്കരിക്കപ്പെട്ടു.
രാജ്യത്തെ സാമുദായിക ധ്രുവീകരണം തീവ്രവേഗത്തിലാക്കിയ ഈ ഭീകരവൃത്തിയുടെ ഉള്ളുകള്ളികൾ വെളിച്ചത്തു കൊണ്ടുവരുവാനും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുവാനും ശരിയാം വിധത്തിലൊരു ശ്രമം നടന്നതേയില്ല. തീവെപ്പിന് പിറ്റേനാൾ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ഗുജറാത്തിലാകമാനം കത്തിപ്പടർന്നു. അവിടെയുയർന്ന തീപ്പൊരികൾ രാജ്യത്തെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.