ഗോഡി മീഡിയക്ക് വിനേഷ് ഫോഗട്ടിന്റെ വിജയത്തിന്റെ ക്രെഡിറ്റെടുക്കാനവകാശമില്ല -ധ്രുവ് റാഠി
text_fieldsന്യൂദല്‍ഹി: ഒളിമ്പിക്‌സില്‍ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയില്‍ കടന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാറിനെയും ഗോഡി മീഡയയെയും വിമര്‍ശിച്ച് പ്രമുഖ യൂ ട്യൂബർ ധ്രുവ് റാഠി. വിനേഷ് ഫോഗട്ടിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച് നാണംകെട്ട ഗോഡി മീഡിയയും ബി.ജെ.പിയുടെ ഐ.ടി സെല്ലും അക്കാര്യങ്ങളൊന്നും മറക്കരുതെന്ന് ധ്രുവ് റാഠി പറഞ്ഞു. സമൂഹ മാധ്യമമായ ‘എക്സി’ല്‍ പങ്കുവെച്ച പോസ്റ്റിലാണ് ധ്രുവ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.
‘അവരുടെ പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കാത്തവര്‍ക്ക് അവരുടെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ അവകാശമില്ല’ എന്ന കുറിപ്പോടുകൂടിയ ചിത്രവും ധ്രുവ് എക്സില്‍ പങ്കുവെച്ചു. ബി.ജെ.പിയുടെ ‘മസിൽ പവർ’ എം.പി ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തെ ഉദ്ധരിച്ചായിരുന്നു ധ്രുവിന്റെ പോസ്റ്റ്.
ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയിലേക്ക് ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായിയും ആർ.എസ്.എസ് അനുഭാവിയുമായ സഞ്ജയ് സിങ് വിജയിച്ചതിനെ തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഉയർന്നത്. സാക്ഷി മാലിക്, ബജ്റംഗ് പൂനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിരമിക്കലും മെഡലുകളും പുരസ്‌കാരങ്ങളും തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനു മുമ്പ് വനിതാ താരങ്ങൾക്കെതിരെ ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് 2023 ജനുവരിയിൽ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയിരുന്നു. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കും, അന്വേഷണ കമ്മിറ്റി രൂപീകരിക്കും എന്നതടക്കമുള്ള ഉറപ്പുകൾ നൽകിയാണ് സമരം അവസാനിപ്പിച്ചതെങ്കിലും ഇയാൾക്കെതിരെ ചെറുവിരൽ അനക്കാൻ പോലും കേന്ദ്രം തയ്യാറായിരുന്നില്ല.
ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, അൻഷു മാലിക്, ബജ്‌റംഗ് പുനിയ എന്നിവർ അടക്കമുള്ള താരങ്ങളെ സമരത്തിനിടെ തല്ലിച്ചതച്ചതിനും റോഡിലൂടെ വലിച്ചിഴച്ചതിനും രാജ്യം സാക്ഷ്യം വഹിച്ചു. ഗുസ്തി താരങ്ങൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രാജ്യവ്യാപകമായി രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടും ഗോഡി മീഡിയ താരങ്ങളെ മോശമായി ചിത്രീകരിക്കുന്നത് തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.