ശ്രീകൃഷ്ണന്റെ അവതാരമെന്ന് പറഞ്ഞ് വിദ്യാർഥിനികളെ പീഡിപ്പിച്ച ആൾദൈവം ശിവശങ്കർ ബാബ അറസ്റ്റിൽ
text_fieldsചെന്നൈ: ലൈംഗീക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72) ഡൽഹിയിൽ അറസ്റ്റിലായി. ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് ലുക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ബാബ അറസ്റ്റ് ഭീഷണി ഭയന്ന് മുങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഡൽഹി ചിത്തരജ്ഞൻ പാർക്കിന് സമീപം ഭക്തയുടെ വസതിയിൽനിന്നാണ് ഡി.എസ്.പി ഗുണവർമെൻറ നേതൃത്വത്തിലുള്ള തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡൽഹി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി അനുമതിയോടെ പ്രതിയെ ചെന്നൈയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
നേരത്തെ ബാബയുടെ പേരിൽ പോക്സോ നിയമ പ്രകാരം മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചെന്നൈ സ്കൂളുകളിലെ പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിെൻറ ഭാഗമായാണ് ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമുഹിക മാധ്യമങ്ങളിൽ ലൈംഗീക ചൂഷണത്തിന് ഇരയായതെന്ന് അറിയിച്ചത്. ഇതിൽ മൂന്ന് വിദ്യാർഥിനികളാണ് പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെ ജീവനക്കാരും ബാബയുടെ സഹായികളുമായ ഭാരതി, ദീപ എന്നിവരുടെ പേരിലും പൊലീസ് പോസ്കോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
64 ഏക്കർ വിസ്തൃതിയിലുള്ള കാമ്പസിൽ ബാബ ശ്രീകൃഷ്ണെൻറ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച് വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ബാബയെ സന്ദർശിച്ച് ആശീർവാദം വാങ്ങിയാൽ നല്ല മാർക്കോടെ പാസാവാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പത്ത്, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെ ബാബയുടെ മാളികയിലേക്ക് വിളിച്ചു കൊണ്ടുപോവുക. ബാബയുടെ സഹായികളായ ചില അധ്യാപകരും സ്റ്റാഫ് അംഗങ്ങളും ശിഷ്യരുമാണ് ഇതിന് പിന്നിൽ. തുടർന്ന് ലഹരി കലർന്ന ചോക്ലെറ്റുകളും വിദേശമദ്യവും നൽകി പെൺകുട്ടികളെ പീഡിപ്പിക്കും. 15 വർഷത്തിനിടെ നിരവധി വിദ്യാർഥിനികളെ ഇത്തരം ലൈംഗീക അതിക്രമങ്ങൾക്ക് വിധേയമാക്കിയതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.