ഗാന്ധിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രൻ -കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
text_fieldsബസ്തർ (ഛത്തീസ്ഗഡ്): ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. ഗാന്ധിയുടെ ഘാതകനാണെങ്കിൽ പോലും അദ്ദേഹം ഇന്ത്യയുടെ സൽപുത്രനാണ് എന്നാണ് ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ദന്തേവാഡയിൽ നടത്തിയ പ്രസംഗത്തിൽ ഗിരിരാജ് പറഞ്ഞത്.
"അദ്ദേഹം ഗാന്ധിയുടെ ഘാതകനാണെങ്കിൽ പോലും ഇന്ത്യയുടെ സൽപുത്രനാണ്. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്, ഔറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശക്കാരനായിരുന്നില്ല. ബാബറിന്റെ മകൻ എന്ന് വിളിക്കപ്പെടുന്നതിൽ സന്തോഷം തോന്നുന്നവർക്ക് ഭാരതമാതാവിന്റെ പുത്രനാകാൻ കഴിയില്ല’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായ ഗോഡ്‌സെയെയാണ് ബി.ജെ.പി നേതാവ് മഹത്വവത്കരിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെകുറിച്ച് ഗിരിരാജ് സിങ് നടത്തിയ പരാമർശം രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും കോൺഗ്രസ് ആരോപിച്ചു.
'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായിരുന്നു ഗോഡ്‌സെ. അദ്ദേഹം രാഷ്ട്രപിതാവിനെ കൊന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകക്കറ ഗോഡ്‌സെയിലുണ്ട്. ബിജെപിയുടെ ഗോഡ്‌സെ അനുകൂല മുഖം ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ചെറുതും വലുതുമായ നേതാക്കൾ വിവിധ സമയങ്ങളിൽ ഗോഡ്‌സെയെ പുകഴ്ത്തിയിട്ടുണ്ട്. അത്തരമൊരാളെ ഭാരതമാതാവിന്റെ മകനെന്ന് വിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് ഇന്ത്യയിലെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം” -ശുക്ല പറഞ്ഞു.
ഗിരിരാജിന്റെ പ്രസ്താവനയെ കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോയോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും വിവാദങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.