'ഗോഡ്സെ സിന്ദാബാദ്' ഗാന്ധി ജയന്തിക്കിടെ ട്വിറ്ററിൽ ട്രെൻഡിങ്
text_fieldsന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ സാമൂഹമാധ്യമമായ ട്വിറ്ററിൽ ട്രെന്‍ഡിങ്ങായത് ഗാന്ധ ഘാതകനും തീവ്ര ഹിന്ദുത്വ വാദിയുമായ നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തുന്ന ട്വീറ്റുകൾ. 'ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ്ടാഗിലാണ് നിരവധി പേർ ഗാന്ധിയെ അപമാനിക്കുന്നതും ഗോഡ്സെയെ പ്രശംസിക്കുന്നതുമായ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചത്.
അതേസമയം, ഗാന്ധിയുടെ 152ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ട് സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും ജന്മദിനാശംസകൾ നേർന്നു.
ഉച്ചയോടെ 1,27,000 പേരാണ് 'ഗോഡ്‌സെ സിന്ദാബാദ്' ട്വീറ്റുകൾ പങ്കുവെച്ചത്. ബി.ജെ.പി, സംഘ് പരിവാർ അനുയായികളും അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നവരുമാണ് ഇതിൽ മിക്കവരും.
അതിനിെട, ഗോഡ്സെയെ പുകഴ്ത്തുന്നതിനെതിരെ വ്യാപക വിമർശനങ്ങളും പല കോണിൽനിന്നും ഉയരുന്നുണ്ട്. 'നാഥുറാം ഗോഡ്സെ സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്ന സംഘികളെ നേരന്ദ്രമോദി മൗനത്തിലൂടെ പിന്തുണക്കുകയാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. 'ആരാണ് ഇൗ മുദ്രാവാക്യത്തിന്‍റെ ഉത്തരവാദിയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിനെതിരെ മോദി നടപടിയെടുക്കുേമാ? അതോ ഇത് ചെയ്യുന്ന സംഘികളെ മൗനത്തിലൂടെ പിന്തുണക്കുമോ?' മാണിക്കം ട്വീറ്റിലൂടെ ചോദിച്ചു.
'നാഥുറാം ഗോഡ്സെ സിന്ദാബാദ്' ഇന്ത്യയിൽ ട്രെൻഡിങ് ആയ സാഹചര്യത്തിൽ ഇന്ത്യൻ ഹിന്ദുവിനെ തീവ്രവാദികളാക്കുന്നത് ആര് എന്ന ചോദ്യം പ്രസക്തമാണെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ് ട്വീറ്റ് ചെയ്തു.
ഗോഡ്സെ സിന്ദാബാദ് ട്വീറ്റ് ചെയ്യുന്നവരെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ തഹ്സീൻ പൂനെവാല അഭിപ്രായപ്പെട്ടു. 'ഗാന്ധി ജയന്തി ദിനത്തിലെ ഈ പ്രവണത അവസാനിപ്പിക്കാൻ തന്‍റെ അനുയായികളോട് ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത മോദിജിക്കുണ്ട്! നമ്മുടെ പ്രധാനമന്ത്രി ശരിയായത് ചെയ്യുമോ അതോ അദ്ദേഹം ബാപ്പുവിനെക്കുറിച്ച് വെറും അധരവ്യായാമം മാത്രമാണോ നടത്തുക?'' അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.
ഗോഡ്സെ സിന്ദാബാദ് മുഴക്കുന്നവർ രാഷ്ട്രത്തെ തന്നെ അപമാനിക്കുകയാണെന്ന് ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.