നയതന്ത്ര ചാനൽവഴി സ്വർണക്കടത്ത്: കേസ് കേരളത്തിനുപുറത്തേക്ക് മാറ്റണമെന്ന വാദത്തിൽ ഉറച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കേസിലെ മറ്റ് കുറ്റാരോപിതരെ സ്വാധീനിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയിൽ. ഇ.ഡിക്കെതിരെയും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെയും സംസ്ഥാന ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് വ്യാജ കേസുകളുണ്ടാക്കുകയും ചെയ്യുന്നു.
കള്ളക്കടത്തുകേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായ ശേഷമാണ് കേരള സർക്കാർ സംവിധാനം ഇ.ഡിക്കെതിരെ തിരിഞ്ഞത്. അന്വേഷണവും വിചാരണയും അട്ടിമറിക്കാൻ വ്യാജ കേസുകളെടുക്കുകയും ചെയ്തു -ഏജൻസി ആരോപിച്ചു. കർണാടകയിലെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റണമെന്ന ഇ.ഡി ആവശ്യത്തിൽ ശിവശങ്കറിന്റെ എതിർ സത്യവാങ്മൂലത്തിനോടുള്ള പ്രതികരണത്തിലാണ് ഏജൻസി ഇക്കാര്യം പറഞ്ഞത്.
വലിയ സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് ശിവശങ്കർ. അതിനാൽ കേസന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുകയാണ്. ജാമ്യത്തിലിറങ്ങിയ ശേഷം മറ്റു കുറ്റാരോപിതരെ സ്വാധീനിക്കാൻ ശ്രമമുണ്ടായി. ഭരണസംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. ശിവശങ്കറിന്റെ താൽപര്യത്തിൽ കേരള പൊലീസിലും സംസ്ഥാന ഉദ്യോഗസ്ഥരിലുംപെട്ട ചിലർ ഭീഷണിയും കേസുമായി മറ്റു പ്രതികളായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നാണ് വിചാരണ കോടതി മാറ്റാനുള്ള അപേക്ഷ നൽകിയത് -ഇ.ഡി പറഞ്ഞു. ഈ ആവശ്യത്തിൽ രാഷ്ട്രീയമില്ല. സ്വതന്ത്രവും നീതിപൂർവവുമായ വിചാരണ കേരളത്തിൽ സാധ്യമാകില്ല എന്നാണ് അനുമാനിക്കുന്നത്.
സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി കേരളത്തിൽ വലിയ കലാപമുണ്ടാക്കാൻ സാഹചര്യമൊരുക്കുന്നതാണെന്നാണ് കേരള സർക്കാർതന്നെ പറയുന്നത്.
അതുകൊണ്ട്, സ്വതന്ത്ര വിചാരണക്ക് തടസ്സമുണ്ടാകുമെന്നത് കേരള സർക്കാർതന്നെ സമ്മതിക്കുകയാണ്. ഈ കാര്യങ്ങൾ വിചാരണ കേരളത്തിനു പുറത്തുവേണമെന്ന ഇ.ഡി ആവശ്യം അംഗീകരിക്കുന്നതാണ്. അതിനാൽ, വിചാരണ പുറത്തേക്കു മാറ്റരുതെന്ന കേരളത്തിന്റെ വാദം തീർത്തും അനാവശ്യമാണ്. വിചാരണ മാറ്റുന്നതിൽ നിയമതടസ്സവുമില്ല -ഇ.ഡി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.