പൊന്നരിവാൾ കൈപ്പത്തി; ഇത് ഈസ്റ്റ് ഇന്ത്യ സ്റ്റൈൽ
text_fieldsവോട്ട് തേടിയുള്ള ചുമർപ്രചാരണത്തിൽ കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിക്കുള്ളിൽ സി.പി.എം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം. കൊൽക്കത്തയിൽനിന്ന് അർധരാത്രി പുറപ്പെടുന്ന ബസ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ ആസ്ഥാനമായ ബഹ്റാംപൂരിലെത്തുമ്പോൾ കാണുന്ന പുലർകാല ദൃശ്യത്തിന് അതിശയമേറെയാണ്. ബസ് നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതക്കരികിൽ സ്ഥാപിച്ച രണ്ടുപേരുടെ ചിത്രങ്ങളടങ്ങിയ കൂറ്റൻ ഫ്ലക്സ് ബോർഡിലേക്കാണ് ആദ്യം കണ്ണ് പതിയുക.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും ഇരുവശങ്ങളിലും നിൽക്കുന്ന ചിത്രം. ബംഗ്ലാ ഭാഷയിൽ ഏതാനും വാക്കുകൾ മാത്രം എഴുതിയിരിക്കുന്നു. തങ്ങൾ ഒന്നാണെന്ന് താഴേത്തട്ടിലെ പ്രവർത്തകർക്ക് നൽകുന്ന സന്ദേശമാണെന്ന് വ്യക്തം.
ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുമ്പോൾ ബന്ധത്തിന്റെ ആഴം കൂടുതൽ പ്രതിഫലിക്കും. കൈപ്പത്തിക്കുള്ളിൽ ഭദ്രമായിരിക്കുന്ന അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം വഴിയരികിലെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്നു. സി.പി.എം-കോൺഗ്രസ് സഖ്യം ശക്തമായതോടെ, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ടി.എം.സി-ബി.ജെ.പി പാർട്ടികൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽനിന്നും ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയത് പ്രചാരണ രംഗത്ത് കാണാം.
മൂന്ന്, നാല് ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മുർഷിദാബാദ്, ബീർഭൂം, ബഹ്റാംപൂർ, മാൾഡ മേഖലകളിലാണ് സഖ്യം കൂടുതൽ സജീവം. സി.പി.എം പ്രതാപകാലത്തും കോൺഗ്രസ് കോട്ടയായിരുന്ന മണ്ഡലങ്ങളാണ് ഇവയിൽ അധികവും. ഈ മേഖലയിൽ മുഹമ്മദ് സലിം മത്സരിക്കുന്ന മുർഷിദാബാദിൽ മാത്രമാണ് സി.പി.എമ്മിന് സ്ഥാനാർഥിത്വം.
ആശയപരമായിട്ട് തങ്ങൾക്ക് ഒരിക്കലും ഒത്തുപോകാൻ കഴിയില്ലെങ്കിലും ബി.ജെ.പി, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പാർട്ടികളെ പരാജയപ്പെടുത്താനുള്ള പ്രായോഗിക സമീപനം മാത്രമാണ് കോൺഗ്രസുമായുള്ള ബന്ധമെന്ന് സി.പി.എം നേതാവും മുറാരി മണ്ഡലത്തിലെ കാമ്പയിൻ കൺവീനറുമായ കമാൽദ വിശദീകരിച്ചു. കഴിഞ്ഞ വർഷം തദ്ദേശ തെരഞ്ഞെടുപ്പിൽ മുറാരിയിൽ 78 സീറ്റിൽ 38 സീറ്റും കോൺഗ്രസ്-സി.പി.എം സഖ്യം നേടിയിരുന്നു.
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ കോൺഗ്രസിന്റെ മുൻ ക്രിക്കറ്റ് താരം കൂടിയായ യൂസുഫ് പത്താനുമാണ് ബഹറാംപുരിൽ ഏറ്റുമുട്ടുന്നത്. നിർമൽ കുമാർ സാഹയാണ് ബി.ജെ.പി സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.