ഗോമൂത്രത്തിന് ഔഷധഗുണവും രോഗപ്രതിരോധ ശേഷിയും; അവകാശവാദത്തിൽ ഉറച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ
text_fieldsചെന്നൈ: ഗോമൂത്രത്തിന് ഔഷധഗുണവും രോഗപ്രതിരോധ ശേഷിയുമുണ്ടെന്നുള്ള നിലപാട് ആവർത്തിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി. കാമകോടി. ഈയിടെ ചെന്നൈ വെസ്റ്റ് മാമ്പലത്ത് പശുസംരക്ഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച മാട്ടുപൊങ്കൽ ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഗോമൂത്രത്തിന് രോഗം ഭേദമാക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്. തന്റെ പിതാവിന് പനി ബാധിച്ചപ്പോൾ ഗോമൂത്രം കുടിച്ചതായും 15 മിനിറ്റിനകം ഭേദമായതായും കാമകോടി അറിയിച്ചു. പ്രസ്താവനക്കെതിരെ ശക്തമായ എതിർപ്പുകളുയരുകയും പ്രസംഗ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതിനെ തുടർന്നാണ് തന്റെ അവകാശവാദം ന്യായീകരിച്ച് രംഗത്തെത്തിയത്.
ഗോമൂത്രത്തിന്റെ രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള അഞ്ച് ഗവേഷണ പ്രബന്ധങ്ങളും ഒരു പേറ്റന്റ് റിപ്പോർട്ടും തന്റെ പക്കലുണ്ടെന്നും ഗോമൂത്രം ബാക്ടീരിയ, ഫംഗസ് എന്നിവയെ നശിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കാമകോടി മാധ്യമങ്ങളോട് വിശദീകരിച്ചു. അമേരിക്കയിലടക്കം ഗോമൂത്രത്തിന്റെ അണുനാശിനി ശേഷിയെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഗോമൂത്രം കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന പഠന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിഷയം രാഷ്ട്രീയ വിവാദമാക്കാനും താൽപര്യമില്ല.
ഉത്സവ ദിവസങ്ങളിൽ പാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ അഞ്ച് ചേരുവകൾ അടങ്ങിയ പഞ്ചഗവ്യം കഴിക്കുന്ന ശീലം തനിക്കുണ്ടെന്നും ഓൺലൈൻ ഏജൻസികളിൽപോലും പഞ്ചഗവ്യം വിൽപനക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചഗവ്യത്തിന് ഔഷധഗുണമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ചെന്നൈ ഐ.ഐ.ടിയിലും ഗോമൂത്രം, പഞ്ചഗവ്യം എന്നിവയെക്കുറിച്ച് ഗവേഷണം നടത്താൻ താൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി നേതാക്കളായ തമിഴിസൈ സൗന്ദരരാജൻ, കെ. അണ്ണാമലൈ തുടങ്ങിയ നേതാക്കൾ കാമകോടിയുടെ പ്രസ്താവനയെ പിന്തുണക്കുമ്പോൾ ഡി.എം.കെ ഉൾപ്പെടെ മറ്റു കക്ഷി നേതാക്കൾ എതിർപ്പും പരിഹാസവുമായി രംഗത്തെത്തി. ഐ.ഐ.ടി ഡയറക്ടർ പദവിയിൽനിന്ന് കാമകോടിയെ നീക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.