പുതിയ നയവുമായി ഗൂഗ്ൾ; കുട്ടികളുടെ ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെടാം
text_fieldsസിലിക്കൺവാലി (യു.എസ്): ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന പുതിയ നയവുമായി ഗൂഗ്ൾ. ഗൂഗ്ളിലെ ചിത്രങ്ങളുടെ തിരച്ചിൽ ഫലത്തിൽ വരുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചിത്രങ്ങൾ നീക്കംചെയ്യാൻ കുട്ടികൾക്കുതന്നെ അഭ്യർഥിക്കാമെന്നതാണ് ഇതിൽ പ്രധാനം.
കുട്ടികളുടെ രക്ഷിതാക്കൾക്കും ഇതേ ആവശ്യമുന്നയിക്കാം. കുട്ടികൾക്ക് ഗൂഗ്ളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് നടപടിയെന്ന് കമ്പനി അവകാശപ്പെട്ടു. ഗൂഗ്ൾ ചിത്രങ്ങളുടെ തിരച്ചിൽ ഫലത്തിൽനിന്ന് മാത്രമാണ് കുട്ടികളുടെ ചിത്രങ്ങൾ ഒഴിവാകുക എന്നും ഇൻറർനെറ്റിൽനിന്ന് അത് നീക്കം ചെയ്യപ്പെടില്ലെന്നും ഗൂഗ്ൾ വ്യക്തമാക്കി.
പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കം, സ്വയം തിരഞ്ഞാലല്ലാതെ കുട്ടികൾക്കായി കാണിക്കില്ലെന്നും ഗൂഗ്ൾ അറിയിച്ചു. നിലവിൽ സുരക്ഷിത തിരച്ചിൽ സംവിധാനം തിരഞ്ഞെടുക്കാൻ സാധിക്കും. 13 വയസ്സിൽ താഴെയുള്ളവർക്ക് ഇത് സ്വയം പ്രവർത്തിക്കും. 18 വയസ്സിൽ താഴെയുള്ളവർക്കും ബാധകമാകുന്നവിധം ഈ സംവിധാനം വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
ഗൂഗ്ൾ പ്ലേ സ്റ്റോറിലെ ആപ്പുകൾക്ക് പ്രത്യേക സുരക്ഷാമാനദണ്ഡങ്ങൾ കൊണ്ടുവരും. ഇതനുസരിച്ച് കുട്ടികൾക്ക് അനുയോജ്യമായ ആപ്പുകൾ തിരഞ്ഞെടുക്കാം. ഇതോടൊപ്പം ഡിജിറ്റൽ ക്ഷേമം ലക്ഷ്യമാക്കി സ്ക്രീൻ ഉപയോഗ സമയം, വാർത്തകൾ, പോഡ്കാസ്റ്റ് എന്നിവ തടയൽ തുടങ്ങിയ സൗകര്യങ്ങളും ഉടൻ പ്രാബല്യത്തിലാക്കുമെന്ന് ഗൂഗ്ൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.