ഗുണ്ടാപ്പണം നൽകിയില്ല; യു.പിയിൽ ഏഴ് കി.മീ പുതിയ റോഡ് ബുൾഡോസർ കിളച്ച് മറിച്ചു; 12 കോടിയുടെ നഷ്ടം
text_fieldsബറേലി: പുതിയ റോഡ് നിർമിച്ചപ്പോൾ കരാറുകാരൻ ഗുണ്ടാപ്പണം നൽകിയില്ലെന്ന് ആരോപിച്ച് യു.പിയിൽ ഏഴ് കി.മീ റോഡ് ബുൾഡോസർ വെച്ച് കിളച്ച് മറിച്ചു. 12 കോടി രൂപ ചെലവിൽ അടുത്തിടെ നിർമിച്ച റോഡാണ് തകർത്തത്.
പ്രദേശിക എം.എൽ.എയുടെ കൂട്ടാളികളെന്ന് അവകാശപ്പെട്ടാണ് അക്രമികൾ ഷാജഹാൻപൂരിലെ പുതിയ റോഡ് നശിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പണംനൽകാൻ കരാറുകാരൻ വിസമ്മതിച്ചതിനെത്തുടർന്ന് തൊഴിലാളികളെ ആക്രമിക്കുകയും റോഡുനിർമാണ യന്ത്രങ്ങൾ കത്തിക്കുകയും ചെയ്തു.
പ്രദേശത്തെ എം.എൽ.എയുടെ പ്രതിനിധി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ജഗ്‌വീർ സിങ്ങാണ് നിർമാണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതെന്ന് ഗോരഖ്പൂർ ആസ്ഥാനമായുള്ള കരാറുകാരൻ ശകുന്തള സിങ് പറഞ്ഞു. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് സിങ്ങിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മുഖ്യപ്രതിയെ എം.എൽ.എയ്‌ക്കൊപ്പമാണ് പലപ്പോഴും കാണാറുള്ളതെന്നും കരാറുകാരനോട് പ്രദേശത്തെ രാഷ്ട്രീയക്കാരൻ കനത്ത കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ജഗ്‌വീർ സിങ്ങിനും 20ഓളം കൂട്ടാളികൾക്കുമെതിരെ പൊതു സ്വത്ത് നശിപ്പിച്ചതിന് കേസെടുത്തു. ഇത്തരം പ്രവർത്തനങ്ങൾ തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പ്രധാന പ്രതി ജഗ്‌വീർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, റോഡ് നിർമിക്കാൻ കരാറുകാരൻ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലാണ് ഉപയോഗിച്ചതെന്നും ഇതേക്കുറിച്ച് താൻ ചോദ്യം ചെയ്തിരുന്നുവെന്നും ആരോപണങ്ങളോട് എം.എൽ.എ പ്രതികരിച്ചു. ‘കരാറുകാരൻ തന്നെ റോഡ് കേടാക്കി ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് എഫ്.ഐ.ആർ ഫയൽ ചെയ്തതായിരിക്കും’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.