പ്രശസ്ത ഉർദു പണ്ഡിതൻ പ്രഫ. ഗോപിചന്ദ് നാരംഗ് അന്തരിച്ചു
text_fieldsനോർത്ത് കാരോലൈന: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഉർദു പണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും സാഹിത്യ വിമർശകനുമായ പ്രഫ. ഗോപിചന്ദ് നാരംഗ് യു.എസിലെ നോർത്ത് കാരോലൈനയിൽ അന്തരിച്ചു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ഹ്രസ്വ സന്ദർശനത്തിനായി യു.എസിലെത്തിയതായിരുന്നു നാരംഗ് എന്ന് ബന്ധുക്കൾ അറിയിച്ചു.
ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ പ്രശസ്തനായ പ്രഫ. നാരംഗ് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യപഠനങ്ങൾ ഏറെ പ്രശസ്തമാണ്. വിവിധ ഉർദു ഗ്രന്ഥങ്ങൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള വിവിധ പുരസ്കാരങ്ങൾക്കു പുറമെ, പാകിസ്താനിലെ 'സിതാരാ യെ ഇംതിയാസ്' ബഹുമതിക്കും അർഹനായി. ഉർദു സാഹിത്യ വിമർശന രംഗത്തെ നാരംഗിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കവെ പ്രശസ്ത ഹിന്ദി എഴുത്തുകാരൻ കമലേശ്വർ ഒരിക്കൽ പറഞ്ഞത്, 'ഓരോ ഇന്ത്യൻ ഭാഷക്കും ഓരോ ഗോപിചന്ദ് നാരംഗ് വേണ'മെന്നായിരുന്നു.
അവിഭക്ത ഇന്ത്യയിലെ ബലൂചിസ്താനിൽ 1930ൽ ജനിച്ച നാരംഗ് 1958ൽ ഡൽഹി സർവകലാശാലയിൽനിന്ന് ഉർദു സാഹിത്യത്തിൽ ഡോക്ടറൽ ബിരുദം നേടി സെന്റ് സ്റ്റീഫൻസ് കോളജിൽ അധ്യാപകനായാണ് അക്കാദമിക മേഖലയിലെത്തിയത്. ഡൽഹി, ജാമിഅ മില്ലിയ തുടങ്ങി വിവിധ സർവകലാശാലകളിലും ഉർദു വിഭാഗം തലവനായിരുന്നു. വിസ്കോൺസൻ, മിനസോട, ഓസ്ലോ തുടങ്ങി വിദേശ സർവകലാശാലകളിലും അധ്യാപകനായിരുന്നു. ദേശീയ തലത്തിൽ വിവിധ ഉർദു സ്ഥാപനങ്ങളുടെ തലവനായിരുന്ന അദ്ദേഹം ഏറെക്കാലം കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനുമായിരുന്നു. ഭാര്യ: മനോരമ നാരംഗ്. മക്കൾ: അരുൺ നാരംഗ്, തരുൺ നാരംഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.