ഗാന്ധി സർവസമ്മതൻ
text_fieldsന്യൂഡൽഹി: ദലിത് സമുദായക്കാരനായ രാംനാഥ് കോവിന്ദിനെ അവിചാരിതമായി എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയപ്പോൾ പ്രതിപക്ഷത്തിനുണ്ടായ ഉലച്ചിലിൽ അതേ സ്ഥാനാർഥിപദം നഷ്ടമാവുകയായിരുന്നു ഗോപാൽകൃഷ്ണ ഗാന്ധിക്ക്. അതുവരെ പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥിമാരിൽ മുൻനിരക്കാരനായി പരിഗണിക്കപ്പെട്ടിരുന്നവരിൽ ഒരാളായിരുന്നു അദ്ദേഹം.
കോവിന്ദിന് ബദലായി ദലിതായ മീര കുമാറിനെ പ്രതിപക്ഷവും അപ്രതീക്ഷിതമായാണ് സ്ഥാനാർഥി പദത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഉപരാഷ്ട്രപതിപദത്തിലേക്ക് ആര് മത്സരിക്കുമെന്ന ചോദ്യമുയർന്നപ്പോൾ പ്രതിപക്ഷത്തിന് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നില്ല. രാഷ്ട്രപതിസ്ഥാനത്തേക്കു തന്നെ സർവസമ്മതനായിരുന്ന അദ്ദേഹം അങ്ങനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി. പശ്ചിമ ബംഗാൾ മുൻ ഗവർണറും നയതന്ത്രജ്ഞനും രാഷ്ട്രപതി കെ.ആർ. നാരായണെൻറ സെക്രട്ടറിയുമെല്ലാമായിരുന്ന അദ്ദേഹം ഏത് പദവിക്കും സർവ്വഥാ യോഗ്യനാണെന്നതിൽ ആർക്കും തർക്കമില്ല.
തമിഴ്നാട് കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥനായ 71കാരനായ ഗോപാൽകൃഷ്ണ ഗാന്ധി, മഹാത്മ ഗാന്ധിയുടെയും അമ്മവഴി ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെയും ചെറുമകനാണ്. മഹാത്മ ഗാന്ധിയുടെ ഏറ്റവും ഇളയ മകനും പത്രാധിപരുമായ ദേവദാസ് ഗാന്ധി ആണ് പിതാവ്.
എന്നാൽ, പേരിലെ ഗാന്ധി അദ്ദേഹത്തിന് ഒരു ഭാരമായിരുന്നിട്ടില്ല. ആ നിഴലിൽനിന്ന് മാറിനടന്ന് സ്വന്തം കഴിവ് തെളിയിക്കുകയും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ഉറച്ച നിലപാടുകളാൽ ശ്രദ്ധേയനാവുകയും ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. സൗമ്യനായ ഭരണാധികാരിയായും ഗാന്ധി പേരെടുത്തു.
ഇടതുഭരണകാലത്ത് ബംഗാളിലെ നന്ദിഗ്രാമിൽ പൊലീസ് അതിക്രമം അരങ്ങേറിയപ്പോൾ ഗവർണറായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധി അതിനെതിരെ ശക്തമായി പ്രതികരിച്ചു. ഇതിൽ പ്രകോപിതരായ സി.പി.എം അന്ന് ഗാന്ധി പക്ഷപാതിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനോട് പക്വമായാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്.
സമൂഹത്തിൽ എത്രയും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഏതു വിഷയത്തിലും ഉയർന്നുവരേണ്ടതാണെന്നും ആരും ഒന്നും പറയാതിരുന്നാലാണ് താൻ നിരാശനാവുകയെന്നുമായിരുന്നു ഗാന്ധിയുടെ പ്രതികരണം. മികച്ച എഴുത്തുകാരനായ അദ്ദേഹം മഹാത്മ ഗാന്ധിയെപ്പറ്റി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ വിക്രം സേത്തിെൻറ ‘എ സ്യൂട്ടബ്ൾ േബായ്’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു.
പത്രങ്ങളിലെ കോളമിസ്റ്റായ ഗാന്ധി, അടുത്തിടെ രാജ്യത്തുണ്ടായ ഗോരക്ഷക ഗുണ്ട അതിക്രമങ്ങൾ, മതസ്വാതന്ത്ര്യ ലംഘനങ്ങൾ എന്നിവക്കെതിരെയെല്ലാം കടുത്ത നിലപാട് എടുത്തു. ഡൽഹിയിലെ മോഡേൺ സ്കൂൾ, സെൻറ് സ്റ്റീഫൻസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. താര ഗാന്ധിയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.