ഗോരഖ്നാഥ് ക്ഷേത്ര ആക്രമണം; അഞ്ച് പേർ പിടിയിൽ
text_fieldsലഖ്നോ: ഗോരഖ്പൂരിൽ ഉത്തർപ്രദേശ് പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റാബുലറി (യു.പി പി.എ.സി) ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന് പുറത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റതായി എ.ഡി.ജി അഖിൽ കുമാർ പറഞ്ഞു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ക്ഷേത്രത്തിന്‍റെ പ്രധാന പൂജാരി. എന്നാൽ സംഭവം നടക്കുമ്പോൾ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങളാകാമെന്ന സംശയത്തെ തുടർന്ന് പൊലീസ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ കുശിനഗർ, സാന്‍റ് കബീർനഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഗോരഖ്പൂരിൽ നിന്നുള്ള ഐ.ഐ.ടി-ബോംബെ ബിരുദധാരിയായ പ്രതി അഹമ്മദ് മുർതാസ അബ്ബാസി മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ബലം പ്രയോഗിച്ച് ക്ഷേത്രത്തിന് അകത്ത് കടക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പി.എ.സി ഉദ്യോഗസ്ഥരെ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.ഡി.ജി പറയുന്നു. ക്ഷേത്ര കവാടത്തിൽ നിന്ന് ലാപ്ടോപ്പ്, ഐ.ഡി കാർഡുകൾ എന്നിവ ഉൾപ്പെട്ട അബ്ബാസിയുടെ ബാഗ് പൊലീസ് കണ്ടെടുത്തു. പ്രതിയിൽ നിന്ന് മൊബൈൽ ഫോണും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള പ്രതിയുടെ നീക്കങ്ങളുടെയും സമ്പർക്കങ്ങളുടെയും വിശദാംശങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. ലാപ്‌ടോപ്പും മൊബൈൽ ഫോണും വിദഗ്ധ പരിശോധനക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.