ഗോരഖ് നാഥ് ക്ഷേത്രത്തിലെ കത്തിയാക്രമണം: പ്രതിക്ക് വധശിക്ഷ
text_fieldsലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ് നാഥ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. ഗോരഖ്പൂർ സ്വദേശിയും ഐ.ഐ.ടി ബിരുദധാരിയുമായ അഹമ്മദ് മുര്‍ത്തസ അബ്ബാസി(30)ക്കാണ് എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. 60 ദിവസം നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷമാണ് സ്പെഷ്യല്‍ ജഡ്ജി വിവേകാനന്ദ ശരണ്‍ ത്രിപാഠി ശിക്ഷ വിധിച്ചത്. 44,000 രൂപ പിഴയും ഒടുക്കണം.
2022 ഏപ്രില്‍ 3ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വെട്ടുകത്തിയുമായി എത്തിയ അബ്ബാസി, തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടുകയായിരുന്നു. ഗോപാൽ ഗൗർ, അനിൽ പാസ്വാൻ എന്നിവർക്ക് കൈകാലുകൾക്കാണ് വെട്ടേറ്റത്. അബ്ബാസിക്കും പരിക്കേറ്റിരുന്നു. മറ്റുസുരക്ഷാജീവനക്കാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി. ഈ സമയം ആദിത്യനാഥ് ക്ഷേത്രപരിസരത്തുണ്ടായിരുന്നില്ല.
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും എൻ.ഐ.എയും ചേർന്നാണ് കേസ് അന്വേഷിച്ചത്. അബ്ബാസിക്ക് ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്നും ഐഎസ്ഐഎസിന് വേണ്ടി യുദ്ധം ചെയ്യുമെന്ന് അബ്ബാസി പ്രതിജ്ഞ എടുത്തിരുന്നെന്നും എൻ.ഐ.എ പറഞ്ഞു. എന്നാൽ, മകൻ മാനസികരോഗിയാണെന്നും 2017 മുതൽ ചികിത്സയിലാണെന്നും പിതാവ് മുനീർ അഹമ്മദ് പറഞ്ഞു. നേരത്തെ വിവാഹിതനായിരുന്ന അബ്ബാസിയെ ആക്രമണത്തിന് ഏതാനും മാസങ്ങൾക്കുമുമ്പാണ് ഭാര്യ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ ഏജൻസികളുടെയും പ്രോസിക്യൂഷൻ വിഭാഗത്തിന്റെയും കാര്യക്ഷമമായ പ്രവർത്തനമാണ് പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് സഹായിച്ചതെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി ഡോ. ദേവേന്ദ്ര സിങ് ചൗഹാൻ പറഞ്ഞു. അതേസമയം, വിധിയെക്കുറിച്ച് പ്രതികരിക്കാൻ അബ്ബാസിക്ക് വേണ്ടി കോടതി നിയമിച്ച അഭിഭാഷകൻ രാം നാരായൺ തിവാരി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.