ഒാക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം: ഒമ്പതു പേർക്കെതിരെ എഫ്.െഎ.ആർ
text_fieldsലഖ്നോ: ഗോരഖ്പുർ ബാബാ രാഘവ്ദാസ് ഗവ. മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ 72 കുട്ടികൾ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പൽ അടക്കം ഒമ്പതുപേർക്കെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്.െഎ.ആർ) രജിസ്റ്റർ ചെയ്തു. ഒാക്സിജൻ വിതരണ കമ്പനിയായ പുഷ്പ സെയിൽസിനെതിരെയും എഫ്.െഎ.ആറിൽ പരാമർശമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ ചുമതലയുള്ള അഡീഷനൽ ചിഫ് സെക്രട്ടറി അനിത ഭട്നഗർ ജെയിനിനെ സ്ഥലംമാറ്റി. റവന്യൂ വകുപ്പിെൻറ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി രജനീഷ് ദുബേക്കാണ് വകുപ്പിെൻറ അധിക ചുമതല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിെൻറ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര, ഭാര്യ ഡോ. പൂർണിമ ശുക്ല, ഡോ. കഫീൽ ഖാൻ എന്നിവരാണ് മുഖ്യ പ്രതികൾ. മുൻ പ്രിൻസിപ്പൽ, ശിശുരോഗ വകുപ്പിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ്, വാർഡിെൻറ ചുമതലയുണ്ടായിരുന്ന കഫീൽ ഖാൻ എന്നിവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും റിപ്പോർട്ടിലുണ്ട്. ക്രിമിനൽ ഗൂഢാലോചന, കുറ്റകരമായ നരഹത്യ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയത്.
ഡോ. രാജീവ് മിശ്ര, ഡോ. പൂർണിമ ശുക്ല, ചീഫ് ഫാർമസിസ്റ്റ് ഗജാനൻ ജയ്സ്വാൾ തുടങ്ങിയവർക്കെതിരെ അഴിമതി തടയൽ നിയമത്തിലെ വകുപ്പുകൾ ചുമത്താനാണ് ശിപാർശ. ആരോപണവിധേയരായ എല്ലാ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.