പ്രാഥമികകൃത്യത്തിനുപോലും സൗകര്യമില്ല; ഇത് യോഗിയുടെ ‘സ്വന്തം’ ഗോരഖ്പുർ
text_fieldsബി.ആർ.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മസ്തിഷ്ക ജ്വരം കാരണമുള്ള മരണങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ മനസ്സിലായത് ഞെട്ടിക്കുന്ന വിവരങ്ങൾ. മസ്തിഷ്ക ജ്വരം കാരണമുള്ള മരണം നാലു പതിറ്റാണ്ടായി തുടരുന്നതാണെന്നും മരിച്ചവരെല്ലാം ഗോരഖ്പുരുകാരല്ലെന്നുമാണ് അധികാരികൾ പറയുന്നത്.
നേപ്പാളില്‍നിന്നും ബിഹാറില്നിന്നുമെല്ലാം രോഗികള്‍ വരുന്നതുകൊണ്ടാണ് ഇത്രയും കൂടുതല്‍ മരണങ്ങളെന്നുകൂടി പറഞ്ഞ് സ്വന്തം വീഴ്ച മറയ്ക്കാന്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയെ അധികൃതർ സാമാന്യവത്കരിച്ചപ്പോഴാണ് ആശുപത്രിയില്‍നിന്ന് രോഗികളുടെയും മരിച്ചവരുടെയും വിവരം ശേഖരിക്കണമെന്ന് തോന്നിയത്. 1978ല്‍ നയീ ബീമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഗോരഖ്പുർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും ചികിത്സക്കിടെ മരിച്ചവരുടെയും കൃത്യമായ കണക്കുണ്ട്. ഏറ്റവും കൂടുതല്‍ പേർ ഏത് ജില്ലയില്‍നിന്നാണെന്നും ഏത് ഗ്രാമത്തില്നിന്നാണെന്നും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 40 വര്‍ഷത്തിനിടെ 9,733 കുഞ്ഞുങ്ങളാണ് ബി.ആർ.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതിലേറെ കുഞ്ഞുങ്ങള്‍ എെന്നന്നേക്കുമായി ബുദ്ധിമാന്ദ്യം അടക്കമുള്ളവ ബാധിച്ച് ഭിന്നശേഷിക്കാരായി മാറി.
40 വര്‍ഷത്തിനിെട ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുകയും മരിക്കുകയും ശാരീരിക വൈകല്യമുണ്ടാവുകയും ചെയ്ത മാന്വേല ഗ്രാമം സന്ദർശിക്കാൻ ടാക്സി വിളിച്ചപ്പോൾ, കാർ പോകാനുള്ള റോഡില്ലെന്നും ഓട്ടോ വിളിക്കണമെന്നുമായിരുന്നു മറുപടി. ഗോരഖ്പുർ ആശുപത്രിയില്‍നിന്ന് കേവലം അരമണിക്കൂര്‍ പോലും യാത്രാദൈർഘ്യമില്ലാത്ത ഗ്രാമത്തിലേക്ക് ഓട്ടോയും പോകില്ലെന്ന് ഒരു ഡ്രൈവർ പറഞ്ഞു. അതിനാൽ ഗ്രാമാതിർത്തിയിൽ ഇറക്കിത്തരാമെന്ന് പറഞ്ഞാണ് ഒടുവില്‍ അദ്ദേഹം ട്രിപ് ഏറ്റത്.
40 വര്‍ഷമായിട്ടും കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് അറുതി വരുത്തുന്നില്ലെന്ന് കാണിച്ച് ഗോരഖ്പുരില്‍ മസ്തിഷ്ക ജ്വരത്തിനെതിരായ ബോധവത്കരണശ്രമങ്ങളുമായി രംഗത്തിറങ്ങിയ മാനവസേവ സന്സ്ഥാന് എന്ന സര്‍ക്കാറിതര സന്നദ്ധ സംഘടനയുടെ പ്രവര്ത്തകന് രാജേഷ് മണിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇതേ ഗ്രാമത്തില്‍ ഇൗ രോഗംമൂലം വൈകല്യം ബാധിച്ച നാലഞ്ചുപേരുടെ പട്ടിക നല്‍കിയിരുന്നു. അതിലൊരാളാണ് 11കാരി റിങ്കി. ഓടിച്ചാടി നടക്കുന്നതിനിെട അഞ്ചാംവയസ്സില്‍ പനി വന്ന് കിടന്നതാണെന്ന് കുടിലിന് മുന്നിലിരുന്ന് അച്ഛന് പറഞ്ഞു. പരിശോധനയില്‍ മസ്തിഷ്ക ജ്വരമാണെന്നറിഞ്ഞു. ചികിത്സ തുടങ്ങി. ജീവന് തിരിച്ചുകിട്ടിയെങ്കിലും ഇതാണവസ്ഥ. സ്വന്തമായി ഒന്നും സാധിക്കില്ല. വൈകല്യം മാറില്ലെന്ന് അറിഞ്ഞ നാള് ചികിത്സ നിര്‍ത്തി. ആരോഗ്യകേന്ദ്രത്തില്നിന്നോ ആശുപത്രിയില്‍നിന്നോ ആരെങ്കിലും വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പിതാവ് രമേശ് ചന്ദിെൻറ മറുപടി.
ഏറ്റവും കൂടുതല്‍ പേർക്ക് രോഗം ബാധിച്ച ഈ ഗ്രാമത്തില്‍ അവരെ 28 വര്‍ഷം പ്രതിനിധാനം ചെയ്യുന്ന എം.പി ഇതുവരെ വന്ന് രോഗവിവരങ്ങള്‍ ആരാഞ്ഞിട്ടില്ല. രോഗപ്രതിരോധ നടപടികളുമില്ല. 1000 വീടുകളുള്ള ഗ്രാമത്തില്‍ 50 ശതമാനം പേരും ബിരുദം വരെ പഠിച്ചവരാണെങ്കിലും മലമൂത്രവിസര്‍ജനത്തിന് തുറസ്സായ സ്ഥലങ്ങളിൽ പോവുകയാണ്. വീടുകളില്‍ ഒന്നിനുപോലും കക്കൂസില്ല. കക്കൂസ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് മാസങ്ങള്‍ക്കുമുമ്പ് ഫോറം പൂരിപ്പിച്ച് പോയവരും പിന്നീട് ഇതുവഴി വന്നില്ലെന്ന് രമേശ് ചന്ദ് പറഞ്ഞു. ഗ്രാമത്തില്‍ ഓടയിൽ മഴവെള്ളവും മലവും മൂത്രവുമെല്ലാം ചേര്‍ന്ന് കെട്ടിക്കിടക്കുകയാണ്.
അടുത്തടുത്ത വീടുകളായതിനാല്‍ ഇതിനിടയില്‍തന്നെയാണ് കുടിവെള്ളത്തിന് കുഴല്‍കിണര്‍ കുഴിക്കുന്നത്. പകര്‍ച്ചവ്യാധിയുള്ള പ്രദേശങ്ങളിൽ കുഴല്‍കിണര്‍ 80 അടി താഴ്ചയിലെങ്കിലും കുഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സര്‍ക്കാര്‍ ചെലവില്‍ കുഴിക്കാന്‍ ഉത്തര്‍പ്രദേശില്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ഗ്രാമത്തില്‍ എത്തിയിെല്ലന്ന് റിങ്കിയുടെ പിതാവ് പറഞ്ഞു. അതിനാൽ സ്വന്തം ചെലവ് ചുരുക്കാൻ 20 അടി താഴ്ചയിലുള്ള ചെറിയ കുഴല്കിണറുണ്ടാക്കി അതില്‍നിന്നുള്ള വെള്ളമാണ് കുടിക്കാനും പാചകംചെയ്യാനും മറ്റും ഉപയോഗിക്കുന്നത്. കേവലം 20 അടി താഴ്ചയിലെ കുഴൽകിണറിൽനിന്ന് ഓടയിലെ വെള്ളവും മലമൂത്രവുമെല്ലാം കലര്‍ന്ന വെള്ളമല്ലേ കിട്ടുകയെന്ന് ചോദിച്ചപ്പോൾ, വെള്ളം കുടിക്കാതെ എങ്ങനെ ജീവിക്കുമെന്നായിരുന്നു മറുചോദ്യം. എങ്കിലും എല്ലാ നിസ്സഹായതയും ആ മുഖത്തുണ്ടായിരുന്നു.
ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനുള്ളതാണ് അര നൂറ്റാണ്ടായി ഗോരഖ്പുർ. ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രി ആദിത്യനാഥായിരുന്നു 30 വര്‍ഷത്തോളം പാര്‍ലമെൻറില്‍ ഗോരഖ്പുരിനെ പ്രതിനിധാനംചെയ്തത്. അതിനുമുമ്പ് 10 വര്‍ഷം ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആദിത്യനാഥിെൻറ മുന്‍ഗാമിയായിരുന്ന മുഖ്യപുരോഹിതന്‍ സംഘ്പരിവാറുകാരനായ മഹന്ത് അവൈദ്യനാഥ് ആയിരുന്നു. അതിനും മുമ്പ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ അവൈദ്യനാഥിെൻറ മുന്‍ഗാമിയായ മുഖ്യ പുരോഹിതൻ. അതായത്, കഴിഞ്ഞ അരനൂറ്റാണ്ടായി ഗോരഖ്പുര്‍ സ്വന്തംനിയന്ത്രണത്തില് കൊണ്ടുനടക്കുന്ന തീവ്രഹിന്ദുത്വ പുരോഹിതര്‍തന്നെയാണ് മേഖലയിലെ ശോച്യമായ ആരോഗ്യസ്ഥിതിക്ക് ഉത്തരവാദികളെന്ന് വ്യക്തം. ഇത് ഭംഗ്യന്തരേണ സമ്മതിച്ചിരിക്കുകയാണിപ്പോള്‍ സംഘ്പരിവാർ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.