വിചിത്ര ന്യായങ്ങളുമായി യു.പി സർക്കാർ
text_fieldsഗോരഖ്പുർ (യു.പി): ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാത്തതുമൂലം കുട്ടകൾ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ യു.പി സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് തടിയൂരാൻ വിചിത്രന്യായങ്ങളുമായി രംഗത്തെത്തി.
ദുരന്തത്തിെൻറ ആദ്യഘട്ടത്തിൽ മരിച്ച 23 കുട്ടികളുടെ മരണകാരണമായി സർക്കാർ നിരത്തുന്നത് 23 കാരണങ്ങളാണ്. ആഗസ്റ്റ് 10ലെ മെഡിക്കൽ റിപ്പോർട്ടിൽ പേക്ഷ, ഒാക്സിജൻ ക്ഷാമം മരണകാരണമായി പരാമർശിക്കുന്നതേയില്ല. മസ്തിഷ്കജ്വരം, സെറിബ്രൽ പാൾസി, കുറഞ്ഞ തൂക്കം, രക്തത്തിലെ അണുബാധ, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് സർക്കാർ നിരത്തുന്ന കാരണങ്ങൾ.
കൂടാതെ ഭൂരിപക്ഷം കുട്ടികൾക്കും ഒന്നിൽകൂടുതൽ അസുഖങ്ങൾ ഒരുമിച്ച് വന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ വാദിക്കുന്നു. ഗുരുതര വൃക്കരോഗം, നെഞ്ചുരോഗം, തലച്ചോർ വീക്കം, തലച്ചോറിലെ ഒാക്സിജെൻറ അളവ് കുറയൽ, നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം, ന്യുമോണിയ എന്നിവ ബാധിച്ച കുട്ടികളായിരുന്നു ഏറെയെന്നും പറയുന്നു. എന്നാൽ, റിപ്പോർട്ട് പരാമർശിക്കുന്ന പലരോഗങ്ങളും ഒാക്സിജൻ ലഭ്യമാക്കാതിരുന്നാൽ മരണം സംഭവിക്കാവുന്നതാണെന്ന വസ്തുത സർക്കാർ വിദഗ്ധമായി മൂടിവെക്കുന്നു. രക്തത്തിൽ അണുബാധയുള്ള രോഗിക്ക് ഒാക്സിജൻ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കും.
അതേസമയം സെറിബ്രൽ പാൾസി ബാധിച്ചവർക്ക്, അത് ദീർഘകാലമായുള്ളതാണെങ്കിൽകൂടി ക്ഷിപ്രമരണമുണ്ടാകില്ലെന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. കുട്ടികളെ ബാധിച്ച രോഗങ്ങളെ കുറിച്ചല്ല, മരണകാരണത്തെകുറിച്ചാണ് സർക്കാർ വ്യക്തമാക്കേണ്ടത്. ഇത്രയും കുട്ടികൾ ഒരുമിച്ച് മരിക്കണമെങ്കിൽ സർക്കാർ റിപ്പോർട്ടിലില്ലാത്ത കാരണമുണ്ടാകണമെന്നും അവർ വ്യക്താക്കി.
ആശുപത്രിയിലേക്ക് ഒാക്സിജൻ എത്തിക്കുന്ന ഏജൻസി കുടിശ്ശിക അടക്കാത്തതിനെതുടർന്ന് സേവനം അവസാനിപ്പിച്ചതാണ് ദുരന്ത കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്ന് സ്വന്തം പണം നൽകി മുട്ടുശാന്തിക്കായി ഒാക്സിജൻ സംഘടിപ്പിച്ച് എത്തിച്ച ഡോക്ടറുടെ വാർത്തകളും പുറത്തുവന്നു. ആവശ്യത്തിന് ഒാക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിൽ ആശുപത്രിഅധികൃതരും ഭരണകൂടവും വരുത്തിയ ഗുരുതര വീഴ്ചയാണ് ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചതെന്ന് വ്യക്തമായിരിക്കെയാണ് സർക്കാറിെൻറ വിചിത്ര ന്യായങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.