വിമതർക്കൊപ്പം ചേരാൻ അവസരം ലഭിച്ചെങ്കിലും അത് നിരസിച്ചെന്ന് സഞ്ജയ് റാവത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഗുവാഹത്തിയിലെ വിമത എം.എൽ.എമാരുടെ ഗ്രൂപ്പിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചിരുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായത് കൊണ്ട് ഓഫർ നിരസിച്ചെന്ന് റാവുത്ത് പറഞ്ഞു.
'ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യമുള്ളതിനാൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്. പത്ത് മണിക്കൂർ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഇ.ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്'- റാവുത്ത് പറഞ്ഞു. സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് വേണമെങ്കിൽ ഗുവാഹത്തിയിലെ വിമത കാമ്പിലേക്ക് പോകാമായിരുന്നു. എന്നാൽ താൻ ബാലാസാഹെബിന്‍റെ പിൻഗാമിയായതിനാൽ അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക്നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്ന് റാവുത്ത് പറഞ്ഞു. ഉദ്ധവ് താക്കറെതന്നെ ഈ കാര്യം വ്യക്തമാക്കി കഴിഞ്ഞു. മുംബൈയിൽ ശക്തി പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ശിവസേനയെ ദുർബലപ്പെടുത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാർഥ ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. യഥാർഥ ശിവസേനക്കാർ ഉദ്ധവ് താക്കറെക്ക് ഒപ്പമാണെന്നും റാവുത്ത് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി വെള്ളിയാഴ്ചയാണ് സഞ്ജയ് റാവുത്ത് ഇ.ഡിക്ക് മുമ്പിൽ ഹാജരായത്. പത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും ഇനി സമൻസ് ലഭിക്കുകയാണെങ്കിൽ വീണ്ടും ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മഹാരാഷ്ട്രയുടെ 20-ാമത്തെ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.