ഏക സിവിൽ കോഡ്: ക്രിസ്ത്യാനികളെയും ഗോത്രവർഗത്തെയും ഒഴിവാക്കുമെന്ന് അമിത്ഷാ ഉറപ്പ് നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ക്രിസ്ത്യാനികളെയും ചില ഗിരിവർഗ മേഖലകളെയും നിർദിഷ്ട ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുതന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ. നാഗാലാൻഡ് പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ അമിത് ഷാ ഇങ്ങനെ പറഞ്ഞതായാണ് നെയ്ഫ്യൂ റിയോ വ്യക്തമാക്കിയത്.
ഏക സിവിൽ കോഡ് വരുന്നത് കാര്യമായ ക്രിസ്ത്യൻ സാന്നിധ്യമുള്ള നാഗാലാൻഡിനെ സാരമായി ബാധിക്കുമെന്ന് പ്രതിനിധിസംഘം ആശങ്കപ്പെട്ടപ്പോഴാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന കാര്യം പ്രതിനിധികൾ വ്യക്തമാക്കി.
നാഗാ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെയുള്ള പരിഹാരം വേണമെന്ന് 12 അംഗ പ്രതിനിധികൾ അഭ്യർഥിച്ചു. ഇത് അകാരണമായി നീളുകയാണ്. ഫ്രോണ്ടിയർ നാഗ ടെറിട്ടറി എന്ന പേരിൽ സ്വയംഭരണ കൗൺസിൽ രൂപവത്കരിക്കാനുള്ള കേന്ദ്ര നിർദേശം സംഘം അമിത് ഷായുമായി ചർച്ച ചെയ്തു. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി.
ഏക സിവിൽ കോഡ് വിഷയത്തിൽ ആദിവാസി-ഗോത്രവർഗ വിഭാഗങ്ങളിൽനിന്നുയർന്ന എതിർപ്പ് കേന്ദ്ര സർക്കാറിനെ ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊന്നാകെ കോഡിന് എതിരാണ്. ഏറ്റവുമാദ്യം സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ ആദിവാസി-ഗോത്രവിഭാഗങ്ങളെ അനുനയിപ്പിക്കാനോ സിവിൽ കോഡിന്റെ പരിധിയിൽനിന്ന് മാറ്റിനിർത്താനോ ഉള്ള ശ്രമം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. മുസ്ലിംകൾക്കു പുറമെ സിഖ്, ക്രൈസ്തവ വിഭാഗങ്ങളും സിവിൽ കോഡിനെതിരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.