'ഞാൻ മരിച്ചിട്ട് വിമാനം അയച്ചിട്ട് കാര്യമില്ല, എംബസിയുടെ സഹായം ലഭിച്ചില്ല' -വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി
text_fieldsയുക്രെയ്നിലെ ഇന്ത്യൻ എംബസിയിൽ നിന്ന് തനിക്ക് യാതൊരു സഹായങ്ങളോ പിന്തുണയോ ലഭിച്ചിട്ടില്ലെന്ന് റഷ്യൻ അധിനിവേശത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാർഥി. കിയവിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിയായ ഹർജോത് സിങ്ങിന് സൈനികരുടെ വെടിയേൽക്കുന്നത്. എല്ലാ ദിവസവും എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ ഓരോ തവണയും സഹായം നൽകുമെന്ന് പറഞ്ഞ് അധികൃതർ കബളിപ്പിക്കുകയായിരുന്നെന്നും ഹർജോത് സിങ് എ.എൻ.ഐയോട് പറഞ്ഞു. നിലവിൽ കിയവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഹർജോത്.
കിയവിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെക്ക് പോസ്റ്റിൽ വെച്ചാണ് ഹർജോത് സിങ്ങും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് നേരെ സൈനികർ വെടിയുതിർത്തത്. ആക്രമണത്തിൽ ഹർജോതിന് ഒന്നിലധികം വെടിയുണ്ടകളേറ്റിരുന്നു.
ദൈവം തനിക്ക് രണ്ടാമതൊരു ജീവിതമാണ് തന്നതെന്നും സുരക്ഷിതമായി യുക്രെയ്നിൽ നിന്ന് രക്ഷപ്പെടാന്‍ ഇനിയെങ്കിലും ഇന്ത്യൻ എംബസി സഹായിക്കണമെന്നും ഹർജോത് ആവശ്യപ്പെട്ടു. വീൽചെയർ പോലുള്ള സൗകര്യങ്ങൾ ഒരുക്കിതരാനും വിഡിയോയിൽ ഇന്ത്യൻ വിദ്യാർഥി അഭ്യർഥിക്കുന്നുണ്ട്.
എന്‍റെ മരണശേഷം ഇന്ത്യന്‍ സർക്കാർ ഒരു ചാർട്ടർ വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ദൈവം രണ്ടാമത് നൽകിയ ഈ ജീവിതം ആസ്വദിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹർജോത് സിങ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.