ഇൻഡ്യ മുന്നണി യോഗം; ക്ഷണം ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: ബുധനാഴ്ച നടക്കാനിരിക്കുന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പരിപാടികൾ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂൾ മാറ്റാനാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി ചോദിച്ചു.
"യോഗത്തെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. എന്നെ ആരും ഫോണിൽ അറിയിച്ചിട്ടില്ല. ഏതായാലും ഡിസംബർ 6ന് ഞാൻ വടക്കൻ ബംഗാളിൽ ആയിരിക്കും. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പ്രോഗ്രാം ഷെഡ്യൂൾ ചെയ്യുമായിരുന്നു. അവസാന നിമിഷത്തിൽ എങ്ങനെ ഷെഡ്യൂൾ മാറ്റാനാകും"- മമത ചോദിച്ചു.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച വടക്കൻ ബംഗാളിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഡിസംബർ 6-ന് നടക്കുന്ന ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിൽ മമത ബാനർജിയോ അഭിഷേക് ബാനർജിയോ ഉണ്ടാകില്ലെന്നാണ് വിവരങ്ങൾ. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ മറ്റൊരാളെ നിയോഗിക്കുമോ എന്നത് വ്യക്തമായിട്ടില്ല.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മമത ബാനർജിയും അഭിഷേക് ബാനർജിയും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികളോടുള്ള കോൺഗ്രസിന്‍റെ മനോഭാവം മാറ്റണമെന്നും 2024ലെ തെരഞ്ഞെടുപ്പിനായി ഒരുമിച്ച് പോരാടണമെന്നും ഇരുവരും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.