ഭരണസംവിധാനം അടിത്തട്ടിലേക്ക്; പ്രഖ്യാപനവുമായി സർക്കാർ മണ്ഡലങ്ങളിലേക്ക്
text_fieldsതിരുവനന്തപുരം: ഭരണസംവിധാനം ഏറ്റവും അടിത്തട്ടിലെ ജനങ്ങളിലേക്ക് നേരിട്ട് എത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭ മണ്ഡലങ്ങളിലും നേരിട്ടെത്തുന്ന നവകേരള സദസ്സിന് കേരളം ഒരുങ്ങി. ജനങ്ങൾക്ക് പ്രശ്നങ്ങൾ ഉന്നയിച്ച് പരിഹാരം തേടുന്നതിനൊപ്പം സർക്കാറിന്റെ നയ നിലപാടുകളും നടപടികളും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായും സദസ്സ് മാറും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ എല്ലാ മണ്ഡലങ്ങളും സന്ദർശിക്കും. ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ മേധാവികളും ഒപ്പമുണ്ടാകും. പ്രമുഖരുമായി ദിവസവും കൂടിക്കാഴ്ചയുണ്ടാകും. മന്ത്രിസഭ യോഗവും ഇതിനിടെ നടക്കും. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്സ്. പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ വേദിയിലും പരാതി നൽകാം. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് പ്രത്യേകം കൗണ്ടർ. ചുരുങ്ങിയത് ഏഴ് കൗണ്ടർ സജ്ജീകരിക്കും. പരാതി നൽകാൻ എത്തുന്നവർക്ക് നിർദേശങ്ങൾ കൗണ്ടറുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. സഹായിക്കാനായി മൂന്നു ജീവനക്കാരുമുണ്ടാകും.
സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് പരാതി സ്വീകരിച്ച് തുടങ്ങും. ചടങ്ങുകൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിക്കും വരെ കൗണ്ടർ തുടരും. പരാതികളിൽ പൂർണവിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ഇ-മെയിൽ വിലാസമുണ്ടെങ്കിൽ അതും.
ഓരോ പരാതിക്കും കൈപ്പറ്റ് രസീത് നൽകും. രസീതിന്റെ കോപ്പി പരാതിയിൽ ഉദ്യോഗസ്ഥർ പിൻ ചെയ്യണം. സ്വീകരിക്കുന്ന പരാതികൾക്ക് ക്രമനമ്പർ നൽകും. രജിസ്റ്റർ നമ്പറിൽ ആദ്യ മൂന്ന് അക്ഷരങ്ങൾ ജില്ലയെ സൂചിപ്പിക്കും. അടുത്ത മൂന്ന് അക്കങ്ങൾ നിയമസഭ മണ്ഡലത്തെയും. തുടർന്നുള്ള നാല് അക്കം ആണ് ക്രമനമ്പർ. ഓരോ മണ്ഡലത്തിലെയും പരാതികൾ കലക്റ്ററേറ്റിലെത്തിച്ച് വെബ് ആപ്ലിക്കേഷനിൽ ഡേറ്റ എൻട്രി ചെയ്യും. പരാതി കൈപ്പറ്റി രണ്ടു ദിവസത്തിനകം ഡേറ്റ എൻട്രി നടത്തണം. ഇതു പൂർത്തിയാകുന്ന ദിവസംതന്നെ തുടർനടപടിക്ക് ജില്ലതല ഉദ്യോഗസ്ഥർക്ക് പോർട്ടലിലൂടെ കൈമാറും.
ഒന്നിലേറെ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടവ സോഫ്റ്റ്വെയർ സംവിധാനം ഉപയോഗിച്ച് നൽകും. അവ്യക്തമായതോ നടപടി സ്വീകരിക്കാൻ നിർവാഹമില്ലാത്തതോ ആയ പരാതികൾ കലക്ടർമാർ പ്രത്യേകം സൂക്ഷിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവ എ.ഡി.എമ്മിന് കൈമാറും.
പരാതി ജില്ല ഉദ്യോഗസ്ഥർ പരിശോധിച്ച് രണ്ടാഴ്ചക്കകം തീരുമാനം എടുക്കണം. വിശദ മറുപടി പരാതിക്കാർക്ക് നൽകും. അത് പോർട്ടലിൽ അപ്ലോഡ് ചെയ്യും. കൂടുതൽ നടപടി ആവശ്യമുള്ളവയിൽ പരമാവധി നാലാഴ്ചക്കകം തീരുമാനം. പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ടവയിൽ ജില്ല വകുപ്പ് മേധാവികൾ വിശദ നിർദേശം സഹിതം വകുപ്പു മേധാവിക്ക് നൽകണം. 45 ദിവസത്തിനകം ഇതും പരിഹരിക്കണം. പരാതിക്കാരന് ഇടക്കാല മറുപടിയും നൽകും. എല്ലാ മറുപടികളും തപാലിലൂടെയാവും. ജില്ല മേധവിക്കാണ് പരാതി പരിഹാരത്തിന്റെ ഉത്തരവാദിത്തം.
ദിവസം മൂന്ന്/ നാല് മണ്ഡലങ്ങളിൽ സദസ്സ് നടക്കും. രാവിലെ 11, ഉച്ചക്ക് ശേഷം മൂന്ന്, വൈകീട്ട് ആറ് എന്നിങ്ങനെയാണ് പരിപാടി. മന്ത്രിസഭ യോഗമില്ലാത്ത എല്ലാ ദിവസവും രാവിലെ മുഖ്യമന്ത്രിയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഒമ്പതിന് പ്രഭാത യോഗം. ഇതിൽ പ്രമുഖ വ്യക്തികളുമായി ആശയ വിനിമയം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം പ്രതിനിധികൾക്ക് സംസാരിക്കാം. അതിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി.
മഞ്ചേശ്വരം മണ്ഡലത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് തുടക്കം. സമാപനം ഡിസംബർ 24നു തിരുവനന്തപുരത്തും. കെ.എസ്.ആർ.ടി.സി വാങ്ങിയ ബെൻസ് ലക്ഷ്വറി കോച്ചിലാണ് യാത്ര. ബസിന് മാത്രം ചെലവ് 1.05 കോടി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും ഏതാനും സഹായികൾക്കുമാണ് ബസിൽ ഇരിപ്പിടം. ബയോ ടോയ്ലറ്റ്, റെഫ്രിജറേറ്റർ, വൈദ്യുതി അടുപ്പ്, വാഷ്ബെയ്സിൻ, ഡൈനിങ് സംവിധാനം എന്നിവയുണ്ടാകും. എം.എൽ.എമാരാണ് സദസ്സിന് നേതൃത്വം നൽകുക. പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ അവരുടെ മണ്ഡലങ്ങളിൽ പ്രത്യേക സംവിധാനം. സദസ്സുകളിൽ 5000 ഓളം പേർക്ക് ഇരിപ്പിടം. ഇവർക്കായി വിവിധ കലാപരിപാടികൾ അരങ്ങേറും. വ്യാപക പ്രചാരണമാകും പരിപാടിക്ക്. എല്ലാ വീട്ടിലും പരിപാടിക്കുള്ള ക്ഷണക്കത്ത് എത്തിക്കും.
എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് മന്ത്രിസഭ യോഗം ചേരുന്നതാണ് പതിവെങ്കിൽ ഇക്കുറി അതു യാത്രക്കിടെതന്നെ നടക്കും. നവംബർ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് യോഗം. പരിപാടിയുടെ ചെലവിൽ ഒരു ഭാഗം സർക്കാർ വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾ വിഹിതം നൽകണം. സ്പോൺസർഷിപ്പും തേടി. പ്രതിപക്ഷം ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും പണം നൽകില്ലെന്ന നിലപാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.