അശ്ലീല ഉള്ളടക്കം; 18 ഒ.ടി.ടി പ്ലാറ്റ് ഫോമുകളും പത്ത് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചു
text_fieldsന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകളും പത്ത് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. കൂടാതെ, 19 വെബ്‌സൈറ്റുകൾക്കും 57 സമൂഹമാധ്യമ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെയാണ് നടപടിയെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു. സർഗാത്മക ആവിഷ്‌കാരത്തിന്റെ മറവിലാണ് അശ്ലീലവും അസഭ്യവും പ്രചരിപ്പിച്ചിരുന്നത്.
അശ്ലീല ദൃശ്യങ്ങൾക്കൊപ്പം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പല പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങൾ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വിഡിയോ കണ്ടന്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഐ.ടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐ.പി.സി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏഴും ആപ്പ്ൾ സ്റ്റോറില മൂന്നും ആപ്പുകളാണ് നിരോധിച്ചത്. ഫേസ്ബുക്കിലെ 12 അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. ഇൻസ്റ്റഗ്രാമിൽ 17, എക്സിൽ 16, യൂട്യൂബിൽ 12 എന്നിങ്ങനെയാണ് നടപടി നേരിട്ട അക്കൗണ്ടുകളുടെ എണ്ണം.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡാ, ട്രൈ ഫ്ലിക്കുകൾ, എക്സ് പ്രൈം, നിയോൺ എക്സ് വി.ഐ.പി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, മോജ്ഫ്ലിക്സ്, ഹോട്ട് ഷോട്ട്സ് വി.ഐ.പി, ഫ്യൂഗി, ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. നടപടിക്ക് വിധേയമായ ഒ.ടി.ടി ആപ്പുകളിലൊന്ന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ഉള്ളതാണ്. മറ്റ് രണ്ടെണ്ണത്തിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 ലക്ഷത്തിലധികം ഡൗൺലോഡ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.