സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 18 മുതൽ 22വരെ പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ. 17ാമത് ലോക്സഭയുടെ 13ാമത് സമ്മേളനമാണ് ചേരുന്നത്. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. അഞ്ചുദിവസം ക്രിയാത്മക ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇതുസംബന്ധിച്ച് പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാൽ അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികൾ വെളിപ്പെടുത്തിയിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത്. ഇത് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനമാകാനും വഴിയില്ല. പുതുതായി എന്തെങ്കിലും ബില്ല് പാസാക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ജി20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതടക്കം നിരവധി കാര്യങ്ങൾ അടുത്ത മാസം ഇന്ത്യയിൽ നടക്കുന്നുണ്ട്. അതിനിടെ ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണോ പ്രത്യേക പാർലമെന്റ് സമ്മേളനം എന്നും സംശയമുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 20 മുതൽ ആഗസ്റ്റ് 12 വരെയായിരുന്നു പാർലമെന്റിന്റെ വർഷകാല സെഷൻ. മണിപ്പൂർ കലാപത്തിൽ മോദിസർക്കാർ മൗനം പാലിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നിരവധി പ്രതിഷേധങ്ങൾക്ക് ആ സമ്മേളനം വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.