ഫലസ്തീൻ വിഷയത്തിൽ കേന്ദ്രസർക്കാരിന് ആശയക്കുഴപ്പം; ഇന്ത്യ എപ്പോഴും ഫലസ്തീന് ഒപ്പമായിരുന്നു -ശരദ് പവാർ
text_fieldsമുംബൈ: ഫലസ്തീൻ വിഷയത്തിൽ കേന്ദ്രസർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. എന്നാൽ മുൻ സർക്കാരിന് ഇത്തരത്തിലുള്ള ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ഇന്ത്യ എപ്പോഴും ഫലസ്തീനൊപ്പമായിരുന്നുവെന്നും ഇസ്രായേലിനെയല്ല പിന്തുണച്ചിരുന്നതെന്നും ശരദ് പവാർ വ്യക്തമാക്കി. ഫലസ്തീൻ വിഷയത്തിൽ കേന്ദ്രസർക്കാരിൽ തന്നെ ആശയക്കുഴപ്പമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് പിന്നീട് വ്യത്യസ്തമായ എന്തെങ്കിലും പറയാൻ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണം തന്നെ ഞെട്ടിച്ചുവെച്ച് ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഷ്‍കര സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി സംസാരിച്ച ശേഷം ഒക്ടോബർ 10ന് മോദി പിന്തുണ വീണ്ടും ഉറപ്പിച്ചു.
ദിവസങ്ങൾക്കു ശേഷം സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു.-ഇതാണ് വൈരുദ്ധ്യമെന്നും ശരദ്പവാർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയമാറ്റത്തെ അപലപിച്ച ശരദ് പവാർ അവിടെ ആയിരക്കണക്കിന് ആളുകൾ മരിക്കുകയാണെന്നും ഇന്ത്യ ഒരിക്കലും ഇസ്രായേലിന്റെ ആക്രമണങ്ങളെ പിന്തുണച്ചിട്ടില്ല എന്നും സൂചിപ്പിച്ചു.
ഗസ്സയിൽ വെടിനിർത്തലിനും മാനുഷിക സഹായം എത്തിക്കാനുമായി യു.എസ് പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നതിനെ കുറിച്ച് അഭിപ്രായം പറയുകയായിരുന്നു ശരദ് പവാർ.
കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ശരദ് പവാറിന്റെ പരാമർശത്തെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.