ജമ്മു-കശ്മീരിൽ സർക്കാർ പരാജയം -പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പു പ്രകാരം നൽകിപ്പോന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ മോദിസർക്കാറിന്, മുന്നോട്ടുവെച്ച ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്സഭയിൽ പ്രതിപക്ഷം. തെറ്റു തിരുത്തി ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
ജമ്മു-കശ്മീർ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ. ജമ്മു-കശ്മീരിലെ ക്രമസമാധന, മനുഷ്യാവകാശ നില ഇപ്പോഴും ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് കോൺഗ്രസിലെ മനീഷ് തിവാരി ചൂണ്ടിക്കാട്ടി. സർക്കാറിന്റെ അവകാശവാദം എന്തായാലും അടിസ്ഥാന യാഥാർഥ്യം മറ്റൊന്നാണ്. വികസന വേഗം കൂടുമെന്നും വൈകാരിക അടുപ്പം സാധ്യമാകുമെന്നുമൊക്കെ സംസ്ഥാനം വിഭജിച്ച സമയത്ത് പറഞ്ഞതല്ലാതെ, ഒന്നും സംഭവിച്ചില്ല.
33 മാസം കടന്നുപോയപ്പോൾ സ്ഥിതി മോശമാകുകയാണ് ചെയ്തത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ 370ാം ഭരണഘടന വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാൻ ചർച്ചയിൽ ഇടപെട്ട മന്ത്രി ജിതേന്ദ്രസിങ് കോൺഗ്രസിനെ വെല്ലുവിളിച്ചു. ക്ഷേമനടപടികൾക്ക് ആക്കം കൂട്ടാനും അഴിമതി തടയാനും ബാലവിവാഹം നിരോധിക്കാനുമെല്ലാം കേന്ദ്രനടപടി സഹായിച്ചുവെന്ന് മന്ത്രി വാദിച്ചു.
ജമ്മു-കശ്മീർ ബജറ്റ് ഉദ്യോഗസ്ഥ ചെലവുകൾക്കാണ്, വികസനത്തിനുവേണ്ടിയല്ലെന്ന് തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിൽ ഏറ്റവും നേരത്തേ തെരഞ്ഞെടുപ്പു നടത്തി ജനപ്രാതിനിധ്യമുള്ള സർക്കാറിനെ പ്രതിഷ്ഠിക്കണം. ക്രമസമാധാന നില ഇപ്പോഴും മോശമാണെന്ന് അദ്ദേഹം പറഞ്ഞു. പൂർണ സംസ്ഥാന പദവി തിരിച്ചുനൽകണമെന്ന് ബി.എസ്.പിയിലെ ഡാനിഷ് അലി ആവശ്യപ്പെട്ടു.
അടുത്ത സാമ്പത്തിക വർഷത്തേക്ക് 1.42 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച് സഭ പാസാക്കിയത്. ബജറ്റ് അവതരിപ്പിച്ച് തിടുക്കത്തിൽ പാസാക്കുന്നതിന്റെ യുക്തി പ്രതിപക്ഷം ചോദ്യം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, എ.എം. ആരിഫ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
നിർദേശങ്ങൾ പ്രസിദ്ധീകരിച്ച്മണ്ഡല പുനർനിർണയ കമീഷൻ
ജമ്മു: ജമ്മു-കശ്മീർ മണ്ഡല പുനർനിർണയ കമീഷൻ നിർദേശങ്ങൾ പൊതുജനത്തിന് ലഭ്യമാക്കി. നിർദേശങ്ങളും ആക്ഷേപങ്ങളും ഈമാസം 21 വരെ അറിയിക്കാം. ശേഷം കമീഷൻ ജമ്മു-കശ്മീരിൽ പൊതുജനത്തെ കാണും. അന്തിമ നിർദേശമാണ് കമീഷൻ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം ലോക്സഭ സീറ്റുകൾ അഞ്ചുതന്നെയാണെങ്കിലും നിയമസഭ സീറ്റുകൾ 83ൽനിന്ന് 90 ആക്കി ഉയർത്തി. ജമ്മുവിൽ ആറെണ്ണവും കശ്മീരിൽ ഒന്നുമാണ് കൂട്ടിയത്. അഞ്ച് അസോസിയേറ്റ് അംഗങ്ങളുള്ള കമീഷനിലെ, നാലുപേരുടെ രണ്ടു വിയോജനക്കുറിപ്പുകളും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. മൂന്നു നാഷനൽ കോൺഫറൻസ് എം.പിമാരും (ഫാറൂഖ് അബ്ദുല്ല, ഹസ്നൈൻ മസൂദി, മുഹമ്മദ് അക്ബർ ലോൺ), ബി.ജെ.പി എം.പി ജുഗൽ കിഷോറുമാണ് വിയോജനക്കുറിപ്പ് എഴുതിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അഞ്ചാമത്തെ അസോസിയേറ്റ് അംഗം. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് 2020ൽ രൂപവത്കരിച്ച കമീഷന്റെ അധ്യക്ഷ. കരട് നിർദേശത്തിനെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.