സർക്കാർ ബാങ്കിങ് സംവിധാനത്തെ തകർക്കുന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇഷ്ടക്കാരായ ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകൾ നരേന്ദ്ര മോദി സർക്കാർ എഴുതിത്തള്ളിയെന്ന് ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി സർക്കാറിന്റെ ധനികരോടുള്ള ചങ്ങാത്ത നയവും സാമ്പത്തിക രംഗത്തെ പിടിപ്പുകേടും രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ക്രമക്കേടുകളോട് സഹകരിക്കാൻ ബാങ്കിങ് മേഖലയിലെ ജൂനിയർ ഉദ്യോഗസ്ഥർക്കുമേൽ വലിയ സമ്മർദമാണ് പല സന്ദർഭങ്ങളിലും ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം, ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് നടപടി നേരിട്ട 782 ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അധാർമികമായ വായ്പാരീതികൾ തുറന്നുകാണിച്ചതിന് മാനസിക പീഡനവും നിർബന്ധിത സ്ഥലംമാറ്റവും പ്രതികാര നടപടികളുമടക്കം അനുഭവങ്ങൾ ഇവർ വെളിപ്പെടുത്തി.
അധികൃതരുടെ ക്രൂരനടപടികൾക്ക് ഇരയായി രണ്ട് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ പ്രതിസന്ധി ഐ.സി.ഐ.സി.ഐ ബാങ്കിനപ്പുറം, രാജ്യവ്യാപകമായി നിലനിൽക്കുന്നതാണ്. രാജ്യത്തുടനീളം ആയിരക്കണക്കിന് സത്യസന്ധരായ ബാങ്കിങ് ജീവനക്കാരെ ബാധിക്കുന്ന കാര്യമാണിതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ബാങ്കിങ് ജീവനക്കാർക്ക് നീതിയുറപ്പാക്കാൻ കോൺഗ്രസ് വിഷയം ഏറ്റെടുക്കും. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ജീവനക്കാർ വിവരങ്ങൾ തന്റെ വെബ്സൈറ്റിലൂടെ അറിയിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.