മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ഒരേ വരുമാന പരിധി; ന്യായീകരിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷ പ്രകാരമുള്ള പി.ജി മെഡിക്കൽ അഖിലേന്ത്യ പ്രവേശന ക്വോട്ടയിൽ സാമ്പത്തിക സംവരണത്തിന് വാർഷിക വരുമാനപരിധി എട്ടു ലക്ഷം രൂപയായി നിജപ്പെടുത്തിയതിനെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാറിെൻറ സത്യവാങ്മൂലം.
ഒ.ബി.സി ക്രീമിലെയർ പരിധിക്ക് തുല്യമായി മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള വരുമാനപരിധിയും നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മതിയായ പഠനം നടത്തിയല്ലാതെ, മാനദണ്ഡം വായുവിൽ നിന്ന് ഉണ്ടാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. മാനദണ്ഡം നിശ്ചയിച്ചതിെൻറ വിശദാംശങ്ങളും രേഖകളും നൽകിയില്ലെങ്കിൽ തുടർനടപടി തടയേണ്ടി വരുമെന്ന സൂചനയും സുപ്രീംകോടതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിെൻറ സത്യവാങ്മൂലം.
ശരിയായ വിചിന്തനത്തിനു ശേഷമാണ് എട്ടു ലക്ഷമെന്ന പരിധി നിശ്ചയിച്ചതെന്നാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചത്. മന്ത്രാലയത്തിലും ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിർണയിക്കുന്ന കാര്യത്തിൽ 2019 ജനുവരി 17 മുതൽ തന്നെ ഓഫിസ് രേഖകളുണ്ട്. 2005ൽ മേജർ ജനറൽ സിനോയെ കമീഷനായിവെച്ചിരുന്നു. ഒ.ബി.സി ക്രീമിലെയർ പരിധി തന്നെയാകാമെന്നാണ് 2010ൽ കമീഷൻ നൽകിയ ശിപാർശ.
ആദായനികുതി പരിധി ഒരു ലക്ഷം രൂപയെന്ന് 1993ൽ സർക്കാറിെൻറ ഓഫിസ് രേഖയുണ്ട്. അതിൽ കാലാനുസൃത വർധന വരുത്തിയാലും എട്ടു ലക്ഷമെന്ന പരിധി ന്യായയുക്തമാണ്. ക്രീമിലെയർ പരിധി ആറിൽ നിന്ന് എട്ടു ലക്ഷമാക്കി ഉയർത്തിയത് ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ്. അർഹതയില്ലാത്തവർക്കു കൂടി സംവരണാനുകൂല്യം കിട്ടുന്നതിന് സർക്കാർ നിശ്ചയിച്ച വരുമാനപരിധി വഴിയൊരുക്കുമെന്ന് കോടതി പ്രകടിപ്പിച്ച സംശയവും അസ്ഥാനത്താണെന്ന് സത്യവാങ്മൂലം വിശദീകരിച്ചു. സാമ്പത്തിക സംവരണത്തിെൻറ ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ടത് നിഷേധിക്കുകയാണ് ഹരജിക്കാരുടെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.