മുഖ്യനായില്ല; ഗോവയിൽ സർക്കാർ രൂപവത്കരണം വൈകുന്നു
text_fieldsമുംബൈ: സ്വതന്ത്രരുടെ പിന്തുണയിൽ ബി.ജെ.പിക്ക് പൂർണ ബഹുമതിയായിട്ടും ഗോവയിൽ സർക്കാർ രൂപവത്കരണം വൈകുന്നു. പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി തുടരുന്നതിലെ എതിർപ്പാണ് കാരണം. തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടുവരെ തീരുമാനമായില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് വെള്ളിയാഴ്ച മഹാരാഷ്ട്ര നിയമസഭ ബജറ്റ് സമ്മേളനത്തിന് തിരിച്ചെത്തി. 20 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 21 ആണ് ഭരിക്കാൻ വേണ്ടത്. മൂന്ന് സ്വതന്ത്രർ പിന്തുണ അറിയിച്ചിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള എം.ജി.പിയും പിന്തുണക്കുന്നതായി ഫഡ്നാവിസ് അവകാശപ്പെട്ടു. മനോഹർ പരീകറിന്റെ പിൻഗാമിയായി എത്തിയ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആർ.എസ്.എസുകാരനായ പ്രമോദ് സാവന്ത് മുഖ്യനായി തുടരുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രത്തിന്റെ താൽപര്യവും അതാണ്. എന്നാൽ, ഗോവൻ രാഷ്ട്രീയത്തിൽ സാവന്തിനേക്കാൾ സ്വാധീനമുള്ളവർ മുഖ്യമന്ത്രി പദത്തിനായി ചരടുവലിക്കുന്നു. സാവന്ത് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന വിശ്വജീത് റാണെയാണ് അതിൽ പ്രമുഖൻ.
പനാജിയിൽ സ്വതന്ത്രനായി മത്സരിച്ച പരീകറുടെ മകൻ ഉത്പൽ പരീകറോട് പൊരുതി ജയിച്ച മോൺസെരട്ടെയും സംതൃപ്തനല്ല. ബി.ജെ.പിക്കാർ തന്നെ സഹായിച്ചില്ലെന്നും സ്വന്തം കഴിവുകൊണ്ടാണ് ജയിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. 2019ൽ 10 കോൺഗ്രസ് എം.എൽ.എമാരുമായി ബി.ജെ.പിയിലേക്ക് വന്നതാണ് മോൻസെരട്ടെ. 700 വോട്ടിനാണ് ഉത്പലിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം കുറഞ്ഞതിന് ബി.ജെ.പിയെ പഴി പറയുകയാണ് അദ്ദേഹം.
ഗോവയിൽ പകുതി സീറ്റിലും നേരിയ ഭൂരിപക്ഷം; പത്തിടത്ത് ഭൂരിപക്ഷം 76നും 716നുമിടയിൽ
പനജി: ആകെയുള്ള 40 സീറ്റിൽ 20ഉം നേടി ബി.ജെ.പി ഭരണമുറപ്പിച്ച ഗോവയിൽ പകുതി സീറ്റിലും നേരിയ ഭൂരിപക്ഷം. പത്തു സീറ്റുകളിൽ ഭൂരിപക്ഷം 76നും 716നുമിടയിൽ വോട്ടിനാണ്. വടക്കൻ ഗോവയിലെ സെന്റ് ആന്ദ്രെ മണ്ഡലത്തിൽ റവല്യൂഷനറി ഗോവൻസ് പാർട്ടിയുടെ വിരേഷ് ബോർകർ ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ഫ്രാൻസിസ് സിൽവേരയെ തോൽപിച്ചത് 76 വോട്ടിനാണ്. പോണ്ട മണ്ഡലത്തിൽ ബി.ജെ.പിയുടെ വിജയം 77 വോട്ടിനും.
സൗത്ത് ഗോവയിലെ വെലിമിൽ ആപിന്റെ ക്രൂസ് സിൽവ കോൺഗ്രസിന്റെ സാവിയോ ഡിസിൽവയെ തോൽപിച്ചതാകട്ടെ 169 വോട്ടിന്. പ്രിയോളിൽ ബി.ജെ.പിയുടെ ഗോവിന്ദ് ഗൗഡെയുടെ ജയം 213 വോട്ടിനും. സാൻക്വെലിമിൽ ആദ്യം പതറിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒടുവിൽ കരകയറിത് 666 വോട്ടിന്. കുറഞ്ഞ ഭൂരിപക്ഷത്തിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സാവന്ത് പിന്നീട് പ്രതികരിച്ചു. മുൻമുഖ്യമന്ത്രി മനോഹർ പരീകറുടെ മകൻ ഉത്പൽ പരീകറിനെ ബി.ജെ.പിയുടെ മോൻസെറാറ്റ തോൽപിച്ചത് 716 വോട്ടിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.