പള്ളികളിലെ ഉച്ചഭാഷിണി: ഹൈകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്ക് വിലക്കേർപ്പെടുത്തണമെന്ന തീവ്രഹിന്ദുത്വ സംഘടനകളുടെ ആവശ്യം വിവാദമായതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദനിയന്ത്രണം സംബന്ധിച്ച ഹൈകോടതി ഉത്തരവുകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തായിരിക്കും ഘട്ടം ഘട്ടമായി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം, ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. തീവ്രഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തെ പരോക്ഷമായി അംഗീകരിക്കുന്ന തരത്തിലാണ് ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനമെന്ന വിമർശനം ശക്തമാണ്.
ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുമ്പോഴുള്ള ഡെസിബലിന്‍റെ അളവ് സംബന്ധിച്ചാണ് ഹൈകോടതി ഉത്തരവുള്ളതെന്നും ഇത് നടപ്പാക്കാത്തതെന്തെന്ന് ചോദിച്ചുള്ള കോടതിയുടെ മറ്റൊരു ഉത്തരവുമുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഒരോ ജില്ലയിലും ഡെസിബൽ മീറ്റർ വാങ്ങിക്കാൻ ഹൈകോടതി നിർദേശിച്ചിട്ടുള്ള കാര്യവും ബൊമ്മൈ ചൂണ്ടിക്കാട്ടി. ഘട്ടം ഘട്ടമായി ഹൈകോടതി ഉത്തരവ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഉച്ചഭാഷിണികള്‍ ബലംപ്രയോഗിച്ച് നീക്കംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. സമാധാന അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വിവിധ സംഘടനകളുമായി സമാധാന ചര്‍ച്ച നടത്തിവരുകയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂട്ടിച്ചേർത്തു.
അതേസമയം, സര്‍ക്കാര്‍ നിലപാടിനെതിരെയും ഇപ്പോഴത്തെ വിവാദത്തിലും രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി. ഉച്ചഭാഷിണികള്‍ ശല്യമാകുന്നില്ലെന്നും പുതിയ വിവാദം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
ക്ഷേത്രങ്ങളിലും മുസ്‍ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ഉച്ചഭാഷിണികളുണ്ടെന്നും ഇവയെല്ലാം ആര്‍ക്കാണ് ബുദ്ധിമുട്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ സമൂഹത്തിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും ഇത് അപലപനീയമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ 75 വര്‍ഷമായി ഉച്ചഭാഷിണി സംബന്ധിച്ച് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ഇപ്പോള്‍ എങ്ങനെയാണ് പ്രശ്‌നമാകുന്നതെന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും സമൂഹത്തെ നശിപ്പിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
ശിരോവസ്ത്ര വിവാദം, മുസ്‍ലിം വ്യാപാരികളെ വിലക്കല്‍, ഹലാല്‍ മാംസ വിവാദം എന്നിവക്കു ശേഷമാണിപ്പോൾ മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളിക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ശ്രീരാംസേന, വി.എച്ച്.പി തുടങ്ങിയ സംഘടനകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ പുലർച്ചെ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ഭജന വെക്കുമെന്നാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.