കൂടുതൽ നികുതി നൽകണം, അല്ലാത്തപക്ഷം വികസനം സ്വപ്നം കാണരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്
text_fieldsകൊൽക്കത്ത: കൂടുതൽ നികുതി കൊടുക്കാൻ തയ്യാറില്ലെങ്കിൽ പാശ്ചാത്യനാടുകളിലെപ്പോലെ വിമാനത്താവളവും ചൈനയിലെപ്പോലെ റെയിൽവേ സ്‌റ്റേഷനും വേണമെന്ന് ആഗ്രഹിക്കരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദേബ്‌റോയ്. സർക്കാരിന് ചെലവിടുന്നതിന് വരുമാനം വേണം. ജിഡിപിയിലേക്ക് നികുതി ഇനത്തിൽ ഏകദേശം 15 ശതമാനം സംഭാവന ചെയ്യുന്ന ജനങ്ങള്‍ തിരിച്ച് സർക്കാർ 23 ശതമാനം ചെലവിടണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ബിബേക് ദേബ്‌റോയ് പറഞ്ഞു. ജിഡിപിയുടെ 10 ശതമാനം ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മൂന്ന് ശതമാനം പ്രതിരോധത്തിനും 10 ശതമാനം അടിസ്ഥാന സൗകര്യവികസനത്തിനും ചെലവഴിക്കണം.
പുതിയ ജിഎസ്‌ടി സംവിധാനം കാരണം സർക്കാരിന്റെ നികുതി വരുമാനം ഇടിഞ്ഞു. ശരാശരി ജിഎസ്‌ടി നിരക്ക് 17 ശതമാനമായിരുന്നു ധനമന്ത്രാലയം കണക്കാക്കിയത്. എന്നാൽ, നിലവിൽ ശരാശരി നിരക്ക് 11.4 ശതമാനം മാത്രമാണ്. ഇതിനിടെ, ജി.എസ്.ടി വ്യവസ്ഥകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും ദേബ്‌റോയ് കൽക്കത്ത ചേംബർ ഓഫ് കൊമേഴ്‌സ് പരിപാടിയിൽ പറഞ്ഞു.
ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ കുറയുകയാണെന്നും 2035ന് ശേഷം വയോജനങ്ങളുടെ ഭാരം രാജ്യത്തിന് വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ സ്വഭാവവും വിദ്യാഭ്യാസവും തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മയെക്കുറിച്ചും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിവർഷം എട്ട് ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്, എന്നാൽ, ഏകദേശം അഞ്ച് ദശലക്ഷം തൊഴിലവസരങ്ങളാണുള്ളതെന്നും ബിബേക് ദേബ്‌റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.