ലക്ഷദ്വീപ് ബോട്ടുകളിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥർ: വിവാദ ഉത്തരവ് പിൻവലിച്ചു
text_fieldsകൊച്ചി: സുരക്ഷ പരിഷ്കാരങ്ങളുടെ ഭാഗമായി ബോട്ടുകളിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥനെ നിയോഗിച്ചതടക്കം വിവാദ ഉത്തരവുകൾ ലക്ഷദ്വീപ് ഭരണകൂടം പിൻവലിച്ചു. സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ച് മേയ് 28നും മത്സ്യബന്ധന ബോട്ടുകളിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കം പുതിയ നടപടികളുമായി ജൂൺ രണ്ടിനും ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവുകൾക്കെതിരെ ദ്വീപ് നിവാസികളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കാലങ്ങളായി നിലനിൽക്കുന്ന ലക്ഷദ്വീപിലെ ഒന്നാംനിര സുരക്ഷ സംവിധാനം അടിയന്തര ജാഗ്രത വേണ്ട സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന രണ്ടാം നിരയിലേക്ക് സ്ഥിരമായി മാറ്റുന്നതായിരുന്നു ആദ്യ ഉത്തരവ്. ഇത് പ്രകാരം ബോട്ട് ജെട്ടികൾ, കപ്പലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനകൾ വർധിപ്പിച്ചിരുന്നു. ആളുകളെ ദ്വീപിൽ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കാനും പുതിയ ഉത്തരവിലൂടെ സാധിക്കുമായിരുന്നു. ഈ നിയന്ത്രണങ്ങളിൽനിന്ന് പിന്മാറിയതായാണ് പുതിയ അറിയിപ്പ്.
കൊച്ചിയിലും ബേപ്പൂരിലുമടക്കം ലക്ഷദ്വീപ് യാത്രക്കാരുടെ പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്നും മത്സ്യബന്ധന ബോട്ടുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഇൻറലിജൻസ് കർശനമാക്കണമെന്നുമായിരുന്നു ജൂൺ രണ്ടിലെ ഉത്തരവ്. കപ്പലുകൾ നങ്കൂരമിടുന്നിടത്തും ഹെലിപ്പാഡുകളിലും ഇൻറലിജൻസ് ഓഫിസർമാരെത്തുമെന്നും ഷിപ്പ് യാഡുകളിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തണമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.