നെഹ്റു കുടുംബത്തിനെതിരെ സാമ്പത്തികാന്വേഷണം
text_fieldsന്യൂഡൽഹി: നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകളുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരഗാന്ധി സ്മാരക ട്രസ്റ്റ് എന്നിവ ആദായ നികുതി, കള്ളപ്പണ നിരോധന, വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണം മുൻനിർത്തിയാണിത്. അന്വേഷണം ഏകോപിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം, മന്ത്രാലയതല സമിതി രൂപവത്കരിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ സ്പെഷൽ ഡയറക്ടർ ഈ സമിതിക്ക് നേതൃത്വം നൽകും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് 1991ൽ രൂപവത്കരിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷൻ, 2002ൽ തുടങ്ങിയ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ അധ്യക്ഷ. സോണിയക്കു പുറമെ രാജീവ് ഗാന്ധി ഫൗണ്ടേഷെൻറ ബോർഡിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, പി. ചിദംബരം എന്നിവർ അംഗങ്ങളാണ്.
ചൈനയുമായുള്ള അതിർത്തി സംഘർഷം, കോവിഡ് പ്രതിസന്ധി എന്നിവ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് ശക്തമായി വാദിക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസം. നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകളിൽ കോൺഗ്രസ് ക്രമക്കേട് നടത്തുന്നതായി കഴിഞ്ഞമാസം ബി.ജെ.പി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൻമോഹൻസിങ് സർക്കാർ രാജീവ്ഗാന്ധി ഫൗണ്ടേഷന് സംഭാവന നൽകിയെന്ന് ബി.െജ.പി കുറ്റപ്പെടുത്തി. പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനുള്ള നിധിയിൽ നിന്ന് ഇങ്ങനെ പണം നൽകാൻ പാടില്ല.
സോണിയ ഗാന്ധിയാണ് ഈ സംഘടനകളെ നയിക്കുന്നതെങ്കിലും, മൂല്യങ്ങളും സുതാര്യതയുമില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ കുറ്റപ്പെടുത്തി.
ഗൽവാനിലെ സർക്കാർ വീഴ്ചകളെ കോൺഗ്രസ് കുറ്റപ്പെടുത്തുന്നതിനിടയിൽ 2005ൽ ചൈനീസ് എംബസിയിൽ നിന്ന് ഫൗണ്ടേഷൻ പണം പറ്റിയെന്ന ആരോപണവും ബി.ജെ.പി ഉന്നയിച്ചു. 1991ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി മൻമോഹൻസിങ് 100 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് അനുവദിച്ചെന്നാണ് മറ്റൊരു ആരോപണം.
സത്യത്തിനു വേണ്ടി പോരാടുന്നവരെ പീഡിപ്പിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്നെപ്പോലെയാണ് രാജ്യമെന്ന് മോദി കരുതുന്നു. ഓരോരുത്തർക്കും ഓരോ വിലയിടാമെന്ന് കരുതുന്നു. പീഡിപ്പിക്കാമെന്ന് വിചാരിക്കുന്നു. അതേസമയം, അന്വേഷണത്തെക്കുറിച്ച് രാഹുൽ നേരിട്ടൊന്നും പറഞ്ഞിട്ടില്ല.
രാഷ്ട്രീയ പ്രതികാരമാണ് ഈ അന്വേഷണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കണ്ണുപൂട്ടി മോദിസർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടി ഭയക്കുന്നില്ലെന്ന് പാർട്ടി വ്യക്തമാക്കി. പൊതുജന മധ്യത്തിൽ വന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിയാണ് അന്വേഷണമെന്ന് ബി.ജെ.പി വിശദീകരിച്ചു. സുതാര്യതക്ക് മോദി സർക്കാർ പ്രതിബദ്ധമാണെന്നും പാർട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.