സംസ്ഥാനങ്ങളിൽ കേന്ദ്ര സെക്രേട്ടറിയറ്റ്
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ സെക്രേട്ടറിയറ്റുകൾ തുടങ്ങാൻ പദ്ധതി. സംസ്ഥാനങ്ങളിൽ കേന്ദ്ര മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനും ജനസമ്പർക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദേശം. അതേസമയം, സംസ്ഥാന സർക്കാറുകളെ നോക്കുകുത്തിയാക്കി കേന്ദ്ര പദ്ധതികൾ നേരിട്ടു നടപ്പാക്കുന്നതിനുള്ള നീക്കമാണിതെന്ന ആശങ്കയും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമായി അതു മാറും.
എന്നാൽ, സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്ര സർക്കാർ ഒാഫിസുകൾ ഒരു കുടക്കീഴിലേക്കു മാറ്റി സംസ്ഥാന സെക്രേട്ടറിയറ്റിനു സമാനമായ നിലയിൽ കേന്ദ്ര സെക്രേട്ടറിയറ്റ് പ്രവർത്തിക്കുന്ന ക്രമീകരണം മാത്രമാണിതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. കേന്ദ്ര പൊതുമരാമത്തു വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്.
പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ ക്രമീകരണത്തിലേക്ക് ചുവടുവെക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കേന്ദ്ര സെക്രേട്ടറിയറ്റിൽ മന്ത്രാലയങ്ങൾക്ക് പൊതുജനങ്ങളുമായി ഇടപഴകുന്നതിന് പ്രത്യേക ക്രമീകരണമുണ്ടാകും. കേന്ദ്ര പദ്ധതികളെക്കുറിച്ച് സംസ്ഥാന സർക്കാർ വകുപ്പുകളുമായുള്ള ചർച്ചകൾ, കേന്ദ്ര മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംസ്ഥാന സന്ദർശനത്തോടനുബന്ധിച്ച കൂടിയാലോചനകൾ എന്നിവയും ഇവിടെ നടക്കും.
മന്ത്രിസഭ യോഗത്തിൽ പ്രാരംഭ ചർച്ച നടന്നതിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് ഒൗപചാരിക മാർഗരേഖ കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.