അഞ്ചു ലക്ഷം വരെ പി.എഫ് നിക്ഷേപ പലിശ നികുതി ഇല്ല
text_fieldsന്യൂഡൽഹി: പ്രോവിഡൻറ് ഫണ്ടിലേക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രമാണ് നിക്ഷേപമെങ്കിൽ പലിശവിഹിതത്തിന് നികുതി ഈടാക്കില്ല. തൊഴിലുടമ വിഹിതം നൽകാത്തവരുടെ കാര്യത്തിലാണ് ഇത് ബാധകമാവുക.
പ്രതിവർഷം പി.എഫിലേക്ക് നൽകുന്ന തൊഴിലാളി വിഹിതം രണ്ടര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പലിശയിന്മേൽ നികുതി ഈടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഈ പരിധി അഞ്ചു ലക്ഷമായി ഉയർത്തുകയാണ് ചെയ്യുന്നത്. ലോക്സഭയിൽ ധനബിൽ ചർച്ച ഉപസംഹരിച്ച ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
പി.എഫ് നിക്ഷേകരിൽ ഒരു ശതമാനത്തെ മാത്രം ബാധിക്കുന്നതാണ് പലിശ നികുതിയെന്ന് ധനമന്ത്രി വിശദീകരിച്ചു. നികുതി നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ധനബിൽ ശബ്ദവോട്ടോടെ പാസാക്കി. പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട കൗൺസിലാണ് തീരുമാനമെടുക്കേണ്ടതെന്നും, കൗൺസിലിൽ അതു ചർച്ചചെയ്യാൻ കേന്ദ്രത്തിന് താൽപര്യമാണുള്ളതെന്നും മന്ത്രി ചോദ്യങ്ങൾക്കു മറുപടി നൽകി.
കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ഇന്ധനത്തിന് നികുതി ചുമത്തുന്നുണ്ട്. ഇന്ധന വില നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ആവർത്തിച്ചു. നികുതി വരുമാനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.