കേന്ദ്രം കോവിഡ് വൈറസിനെയിറക്കി ഭാരത് ജോഡോ യാത്ര തടസപ്പെടുത്തുന്നു; വിമർശനവുമായി ശിവസേന മുഖപത്രം
text_fieldsമുംബൈ: കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര നിർത്തിവെക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ ശിവസേന മുഖപത്രം സാമ്‌ന. ഭാരത് ജോഡോ യാത്ര നിർത്തിവെക്കലാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന് സാമ്ന കുറ്റപ്പെടുത്തി.
ഒന്നുകിൽ ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അല്ലെങ്കിൽ യാത്ര അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചതിന് പിന്നാലെയാണ് സാമ്നയുടെ വിമർശനം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര 100 ദിനങ്ങൾ പിന്നിട്ട് വൻ ജനപിന്തുണ നേടി മുന്നോട്ട് പോകുകയാണ്. നിയമത്തിലൂടെയോ മറ്റ് വിവാദങ്ങൾ സൃഷ്ടിച്ചോ കേന്ദ്രത്തിന് യാത്ര തടയാൻ പറ്റാതെ വന്നതോടെയാണ് ഇപ്പോൾ കോവിഡ് വ്യാപനത്തിന്‍റെ പേര് പറയുന്നതെന്ന് എഡിറ്റോറിയലിൽ പറഞ്ഞു.
ഭാരത് ജോഡോയിലെ ജനപങ്കാളിത്തം കാരണം കോവിഡ് കേസുകൾ വർധിക്കുമെന്ന ഭയം ശരിയാണ്. എന്നാൽ മൂന്ന് വർഷം മുമ്പ് കോവിഡ് നാശം വിതച്ച സമയത്ത് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ഗുജറാത്തിലേക്ക് ക്ഷണിച്ച് ലക്ഷക്കണക്കിന് ആളുകളെ സംഘടിപ്പിച്ചത് ബി.ജെ.പിയാണെന്നും സാമ്ന ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ചിരുന്നു. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയിലെ വൻ ജനപങ്കാളിത്തത്തിൽ ബി.ജെ.പിയും മോദി സർക്കാരും ആശങ്കയിലാണെന്നും യാത്ര തടസപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ഗെഹ്ലോട്ട് പ്രതികരിച്ചു.
"കോവിഡ് പ്രോട്ടോക്കോളുകളൊന്നും പാലിക്കാതെയാണ് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിൽ റാലി നടത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിലും പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ ബഹുജന റാലികൾ നടത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ ലക്ഷ്യം രാഷ്ട്രീയമാണ്. അദ്ദേഹത്തിന്റെ ആശങ്ക ന്യായമാണെങ്കിൽ പ്രധാനമന്ത്രിക്കായിരുന്നു ആദ്യം കത്തയക്കേണ്ടിയിരുന്നത്"- ഗെഹ്ലോട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.