കേന്ദ്രം ആവശ്യപ്പെട്ടു; ബി.ജെ.പി എം.പിയുടെ വിദ്വേഷ ട്വീറ്റ് ട്വിറ്റർ നീക്കി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതുപ്രകാരം ബി.ജെ.പി എം.പിയുടേത് ഉൾപ്പെടെ വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. ബംഗളൂരുവിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ഇസ്ലാമിനെതിരായ വിദ്വേഷ സന്ദേശമാണ് കഴിഞ്ഞ ദിവസം ട്വിറ്റർ നീക്കിയത്.
കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് ട്വീറ്റുകൾ നീക്കം ചെയ്യുന്ന ലുമൻ ഡാറ്റാബേസ് വ്യക്തമാക്കിയതായി ദി വയർ റിപ്പോർട്ട് ചെയ്തു. 2015ൽ സൂര്യ എഴുതിയതടക്കം നൂറിലധികം ട്വീറ്റുകൾ ഇന്ത്യയിൽ ഇനി ലഭ്യമാകില്ല. “ശരിയാണ്, ഭീകരതയ്ക്ക് ഒരു മതവുമില്ല. എന്നാൽ തീവ്രവാദിക്ക് തീർച്ചയായും ഒരു മതമുണ്ട്, മിക്കപ്പോഴും അത് ഇസ്ലാം ആണ്” എന്നായിരുന്നു എം.പിയുടെ ട്വീറ്റ്. അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇയാളുടേത്.
സാമുദായിക ധ്രുവീകരണവും മതവിഭാഗങ്ങൾക്കിടയിൽ സംഘർഷവും ഉളവാക്കുന്ന ട്വീറ്റുകളാണ് നീക്കിയതിൽ അധികവും. 60 ശതമാനവും ഇസ്ലാമോ ഫോബിയ പ്രചരിപ്പിക്കുന്നതാണെന്ന് ദി വയർ പറയുന്നു. പാകിസ്താൻ അനുകൂല ട്വീറ്റുകളും കശ്മീർ വിഷയത്തിലുള്ള പ്രകോപനപരമായ സന്ദേശങ്ങളും നീക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഏപ്രിൽ 28 നാണ് ഇതുസംബന്ധിച്ച് ട്വിറ്ററിന് കത്ത് നൽകിയത്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.
നീക്കം ചെയ്യേണ്ട ഓരോ ട്വീറ്റും നോട്ടീസിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ഇവയുടെ സ്ഥാനത്ത് “ഈ ട്വീറ്റ് നിയമപരമായ ആവശ്യത്തിന് ഇന്ത്യയിൽ തടഞ്ഞിരിക്കുന്നു” എന്ന സന്ദേശമാണ് ഇപ്പോൾ കാണിക്കുന്നത്. രാജ്യത്ത് സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളും വിദ്വേഷപ്രചരണവും അന്താരാഷ്ട്രതലത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിെൻറ നടപടി എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.