റാഫേൽ ഇടപാട് വിവരം പാർലെമൻറിൽനിന്ന് മറച്ച് സർക്കാർ
text_fieldsന്യൂഡൽഹി: ഫ്രാൻസിൽനിന്ന് റാഫേൽ പോർവിമാനങ്ങൾ വാങ്ങുന്ന വിവരങ്ങൾ പാർലമെൻറിൽ വെളിപ്പെടുത്താൻ വിസമ്മതിച്ച് കേന്ദ്രസർക്കാർ. ഇതോടെ ഇടപാടിൽ അഴിമതി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് പാർലമെൻറിൽ പറഞ്ഞത്. റാഫേൽ വിമാന ഇടപാടിൽ ഫ്രാൻസും ഇന്ത്യയുമായുള്ള കരാറിെൻറ വിശദാംശങ്ങൾ ഇതിെൻറ 10ാം വ്യവസ്ഥ പ്രകാരം രഹസ്യസ്വഭാവമുള്ളതാണെന്ന് സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാളിന് നൽകിയ മറുപടിയിൽ മന്ത്രി വിശദീകരിച്ചു.
കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറില്ലെന്ന് 2017 നവംബറിൽ പ്രതിരോധമന്ത്രി തന്നെ പറഞ്ഞതാണ്. അതിനുശേഷമുള്ള നിലപാടുമാറ്റം കരാറിലെ അഴിമതി വ്യക്തമാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.യു.പി.എ സർക്കാർ തയാറാക്കിയ ഉടമ്പടി ഭേദഗതി ചെയ്ത് റാഫേൽ പോർവിമാന കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പാരിസ് സന്ദർശനത്തിനൊപ്പമാണ്. 2015 മാർച്ച് 28ന് മുകേഷ് അംബാനി ‘റിലയൻസ് ഡിഫൻസ്’ എന്ന പേരിൽ പടക്കോപ്പ് നിർമാണ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മോദി റാഫേൽ കരാർ ഒപ്പുവെച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
അംബാനിയുടെ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് റാഫേൽ കരാർ. 126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിെൻറ കാലത്തെ ഉടമ്പടി. ഇതിൽ, സാേങ്കതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമിക്കാനായിരുന്നു ധാരണ. ശേഷിക്കുന്നതിൽ ഒരു വിമാനത്തിന് 526 കോടി രൂപ വീതം നൽകി റാഫേൽ കമ്പനിയിൽനിന്ന് വാങ്ങും.എന്നാൽ, മോദിസർക്കാർ കരാറിെൻറ അലകും പിടിയും മാറ്റി. ഫ്രാൻസിൽനിന്ന് 36 വിമാനങ്ങൾ ശരാശരി 710 കോടി രൂപ വീതം മുടക്കി വാങ്ങുമെന്ന് ധാരണയുണ്ടാക്കി. അനുബന്ധ സാമഗ്രികൾകൂടി ചേർക്കുേമ്പാൾ വില 1640 കോടിയായി ഉയരും.
പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കി റിലയൻസ് ഡിഫൻസിനെ ഇൗ ഇടപാടിൽ പങ്കാളിയാക്കി. സാേങ്കതികവിദ്യ കൈമാറ്റവും ഉണ്ടാകില്ല. ഭാവിയിൽ റിലയൻസിൽനിന്ന് പ്രതിരോധ സേന വിമാനം വാങ്ങുമെന്ന സ്ഥിതിയായി. ഇതിെൻറ വിശദാംശങ്ങളാകെട്ട, പാർലമെൻറിൽനിന്ന് മറച്ചുവെക്കുകയുമാണ്. കോൺഗ്രസ് ഇൗ ഇടപാടുമായി ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ ആവർത്തിച്ചു.
ഒാരോ പോർവിമാനത്തിെൻറയും വില എന്ത്? പാരിസിൽ ഉടമ്പടി ഒപ്പുവെക്കുന്നതിനു മുമ്പ് സുരക്ഷകാര്യ മന്ത്രിസഭ സമിതിയുടെ അംഗീകാരം പ്രധാനമന്ത്രി നേടിയിരുന്നോ? പൊതുമേഖല സ്ഥാപനത്തെ മാറ്റിനിർത്തി, പടക്കോപ്പ് നിർമാണത്തിൽ ഒരു പരിചയവുമില്ലാത്ത കോർപറേറ്റ് സ്ഥാപനത്തെ സഹനിർമാതാക്കളാക്കിയത് എന്തുകൊണ്ട്? ഇൗ ചോദ്യങ്ങളോട് സർക്കാർ മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.