ഒരു പത്രത്തിനോടുമാത്രം സർക്കാറിന് മമത പാടില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരു പത്രം മറ്റൊന്നിനേക്കാൾ സർക്കാറിന്റെ ഇഷ്ട പത്രമാകരുതെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആർ റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള തെലുഗു ദിനപത്രമായ ‘സാക്ഷി’ക്ക് അനുകൂലവും തങ്ങൾക്ക് പ്രതികൂലവുമായ ആന്ധ്രപ്രദേശ് സർക്കാറിന്റെ പദ്ധതി ചോദ്യം ചെയ്ത് ‘ഈനാട്’ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം.
തെരഞ്ഞെടുക്കുന്ന ഓരോ ഗ്രാമ വളന്റിയർക്കും വാർഡ് വളന്റിയർക്കും പത്രം വാങ്ങാൻ 200 രൂപ ആന്ധ്ര പ്രദേശ് സർക്കാർ അനുവദിക്കുന്നതിലെ വിവേചനം ചോദ്യം ചെയ്താണ് ‘ഈനാട്’ പ്രസാധകരായ ഉഷോദയ പബ്ലിക്കേഷൻസ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ പദ്ധതികളെയും സമകാലിന വിഷയങ്ങളെയും കുറിച്ച് ഗ്രാമ വളന്റിയർക്കും വാർഡ് വളന്റിയർക്കും അറിവ് നേടാനായിരുന്നു പദ്ധതി.
പദ്ധതിക്കുള്ള പത്രത്തിന്റെ മാസവരി സംഖ്യ പരമാവധി 200 രൂപയായി സർക്കാർ നിശ്ചയിച്ചത് 176.50 മാസവരിസംഖ്യയുള്ള ‘സാക്ഷി’ക്ക് വേണ്ടിയാണെന്നും 207.50 രൂപ വരിസംഖ്യയുള്ള ‘ഈനാടി’നെ ഒഴിവാക്കാനാണെന്നും ‘ഉഷോദയ’ക്ക് വേണ്ടി ഹാജരായ മുകുൾ രോഹതഗി വാദിച്ചു. ‘സാക്ഷി’ വായനക്കാർക്ക് ഒരു സർക്കാർ പത്രമാണെന്ന് വാദിച്ച രോഹതഗി ഒരു സർക്കാറിന് എങ്ങനെയാണ് സ്വന്തം പത്രം നടത്താനാവുകയെന്ന് ചോദിച്ചു.
സർക്കാർ ഒരു പത്രത്തെ തങ്ങളുടെ ഇഷ്ടപത്രമാക്കുന്നതായി തോന്നാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. എല്ലാ പത്രങ്ങളോടും തുല്യസമീപനമുണ്ടാകുമെന്ന് എങ്ങനെ ഉറപ്പുവരുത്താനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ വരിസംഖ്യയുടെ പരമാവധി പരിധി ഉയർത്താമെന്ന് തങ്ങൾ അറിയിച്ചതാണെന്ന് ആന്ധ്രപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വൈദ്യനാഥൻ ബോധിപ്പിച്ചു.
വളന്റിയർമാർ സർക്കാറിനെ പിന്തുണക്കുന്നവരാണെന്നും അവരെ പാർട്ടി പ്രവർത്തകരെന്ന് വിളിക്കുന്നതാണ് ശരിയെന്നും രോഹതഗി കുറ്റപ്പെടുത്തിയപ്പോൾ വരിസംഖ്യയുടെ മാത്രം വിഷയമാണ് ഹരജിയിൽ ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഗുണം ഈനാടിനും വേണമെന്നാണല്ലോ രോഹതഗി വാദിച്ചതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹയും പറഞ്ഞു.
‘സാക്ഷി’ ദിനപത്രം വാങ്ങണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നില്ലെന്ന് വ്യക്തമാക്കി ആന്ധ്രപ്രദേശ് ഹൈകോടതി ‘ഈനാടി’ന്റെ ഹരജി തള്ളിയിരുന്നു. അതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിമർശനം. അപ്പീൽ 17ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.