ദേശസ്നേഹ സാക്ഷ്യപത്രം നൽകുന്നവർ തുറന്നുകാട്ടപ്പെട്ടു –സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമി നടത്തിയ വാട്സ്ആപ് ചാറ്റിൽ സർക്കാറിെൻറ മൗനത്തിനെതിരെയും വിവാദ കാർഷിക നിയമങ്ങൾക്കെതിരെയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. മറ്റുള്ളവർക്ക് ദേശസ്നേഹത്തിെൻറയും ദേശഭക്തിയുടെയും സർട്ടിഫിക്കറ്റുകൾ നൽകുന്നവർ ഇപ്പോൾ പൂർണമായും തുറന്നുകാട്ടപ്പെട്ടുവെന്നും കർഷക സമരത്തിനെതിരെ അഹങ്കാരം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സോണിയ പറഞ്ഞു.
ദേശസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതു സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സൈനിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് കുറച്ച് ദിവസങ്ങൾക്കുമുമ്പ് എ.കെ. ആൻറണി പറഞ്ഞിരുന്നു. എന്നിട്ടും, വെളിപ്പെട്ട കാര്യങ്ങളിൽ സർക്കാറിെൻറ ഭാഗത്തു നിന്നുമുണ്ടാകുന്ന മൗനം കാതടപ്പിക്കുന്നതാണെന്നു സോണിയ കുറ്റപ്പെടുത്തി.
കാർഷിക നിയമത്തിെൻറ പ്രത്യാഘാതങ്ങളും വിശദാംശങ്ങളും പരിശോധിക്കാനുള്ള പാർലമെൻറിെൻറ അവസരം ബോധപൂർവം ഇല്ലാതാക്കി. മിനിമം താങ്ങുവില, പൊതുസംഭരണം, പൊതുവിതരണം എന്നീ മൂന്നു തൂണുകളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യസുരക്ഷയുടെ അടിത്തറ ഇളക്കുന്നതാണ് പുതിയ കാര്ഷിക നിയമങ്ങൾ. രാജ്യത്തിെൻറ സാമ്പത്തികസ്ഥിതി മോശമായി തുടരുന്നു. തൊഴിൽ, പാരിസ്ഥിതിക നിയമങ്ങൾ സർക്കാർ ദുർബലമാക്കിയതും പൊതുസ്വത്തുക്കൾ വിറ്റഴിക്കുന്നതും വേദനജനകമാണ്. സ്വകാര്യവത്കരണം എല്ലാ മേഖലയിലും പിടിമുറുക്കി. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.
കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയിലൂടെ സർക്കാർ ജനങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടാണ് വരുത്തിയിരിക്കുന്നത്. ഇൗ മുറിപ്പാടുകൾ മായണമെങ്കിൽ വർഷങ്ങളെടുക്കും. അടുത്ത ആഴ്ച പാർലമെൻറിൽ ബജറ്റ് സെഷനാണ് നടക്കുന്നതെങ്കിലും പൊതുജനങ്ങളുടെ ആശങ്കജനകമായ ഇൗ പ്രശ്നങ്ങൾ ചർച്ച ചെയ്യുകതന്നെ വേണം. സർക്കാർ ഇത് സമ്മതിക്കുമോ എന്നത് കണ്ടറിയണമെന്നും സോണിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.