ബി.പി.സി.എൽ വിൽപന വേഗത്തിലാക്കി സർക്കാർ
text_fieldsന്യൂഡൽഹി: കൊച്ചി റിഫൈനറി അടക്കം വിപുലമായ ഇന്ധന സംസ്കരണ, വിപണന സംവിധാനമുള്ള ഭാരത് പെട്രോളിയം കോർപറേഷെൻറ ഓഹരി വിൽപന നടപടികൾ കോവിഡ്കാല മാന്ദ്യത്തിനിടയിലും മുന്നോട്ടു നീക്കാൻ കേന്ദ്ര സർക്കാർ. വിൽക്കാൻ ഒരുങ്ങുന്ന 53 ശതമാനം ഓഹരികൾ വാങ്ങുന്നതിന് മൂന്നു കമ്പനികൾ താൽപര്യപത്രം നൽകിയിട്ടുണ്ടെന്നും തുടർനടപടിയിലേക്ക് കടക്കുമെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി.
'പൊന്മുട്ടയിടുന്ന' പൊതുമേഖല സ്ഥാപനത്തിെൻറ ഓഹരി വിറ്റ് 43,000 കോടി സമാഹരിക്കാനാണ് സർക്കാറിെൻറ പരിപാടി. ഖനനരംഗത്തെ അതികായരായ വേദാന്ത കമ്പനി താൽപര്യപത്രം സമർപ്പിച്ചതായി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
അപ്പോളോ ഗ്ലോബൽ മാനേജ്മെൻറ് അടക്കം ആഗോള പ്രമുഖരാണ് മറ്റു രണ്ടു കമ്പനികൾ. എന്നാൽ, പേരുവിവരം മന്ത്രി വെളിപ്പെടുത്തിയില്ല. കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച ഓഹരി വിൽപന പദ്ധതി കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉദ്ദേശിച്ച നിലയിൽ മുന്നോട്ടു നീക്കാൻ സർക്കാറിന് സാധിച്ചില്ല. താൽപര്യപത്രം നൽകാനുള്ള സമയപരിധി ഇതിനിടയിൽ നാലു വട്ടം നീട്ടി. ഒരു വർഷത്തിനിടയിൽ ബി.പി.സി.എല്ലിെൻറ ഓഹരി വില നാലിലൊന്നു കണ്ട് ഇടിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഓഹരി വിൽക്കുന്നത് ഖജനാവിന് ഭീമനഷ്ടം ഉണ്ടാക്കും.
ഓഹരി വിൽപനക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കേ തന്നെയാണ്, വരുമാന നഷ്ടവും വകവെക്കാതെയുള്ള സർക്കാർ നീക്കം. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 2.10 ലക്ഷം കോടി രൂപ നടപ്പുവർഷം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കോവിഡ് മാന്ദ്യത്തിനിടയിൽ നിക്ഷേപകർ മടിച്ചതിനാൽ ഇതുവരെ നടന്നത് 6,138 കോടിയുടെ മാത്രം വിൽപനയാണ്.
കൊച്ചിയിലേത് അടക്കം നാലു റിഫൈനറികളുള്ള ബി.പി.സി.എല്ലിന് രാജ്യത്ത് 17,355 പെട്രോൾ പമ്പുകളും 6,156 പാചകവാതക വിതരണ ഏജൻസികളുമുണ്ട്. ഇതിനു പുറമെ വിദേശത്ത് വിപുലമായ ആസ്തികളുമുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഇന്ധന വിതരണ കമ്പനിയാണ് ബി.പി.സി.എൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.