ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന്; മേധ പട്കർക്കെതിരെ പാസ്പോർട്ട് വിഭാഗം നിയമനടപടിക്ക്
text_fieldsമുംബൈ: പ്രമുഖസാമൂഹിക പ്രവർത്തക മേധ പട്കറെ പ്രോസിക്യൂട്ട് ചെയ്യാൻ മുംബൈ റീജനൽ പാസ്പോർട്ട് ഓഫിസ് വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി തേടി. പാസ്പോർട്ട് അപേക്ഷയിൽ തനിക്കെതിരെയുള്ള ക്രിമിനൽ കേസുകളെക്കുറിച്ച് വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജനകീയ സമരങ്ങളിലെ മുന്നണിപ്പോരാളിയായ മേധക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.
വിദേശ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചാൽ പാസ്പോർട്ട് നിയമപ്രകാരം ഇവർക്കെതിരെ ക്രിമിനൽ കേസ് നൽകും. കുറ്റംതെളിഞ്ഞാൽ രണ്ടു വർഷത്തെ കഠിന തടവോ 5000 രൂപ പിഴയോ ഇതു രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ.
2017ലാണ് മേധ പാസ്പോർട്ട് അപേക്ഷ നൽകിയത്. അധികൃതരുടെ വിശദീകരണ നോട്ടീസ് കൈപ്പറ്റിയതിനെ തുടർന്ന് ഡിസംബർ ഒമ്പതിന് ഇവർ പാസ്പോർട്ട് തിരിച്ചേൽപിച്ചിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ടു മാത്രം നിയമനടപടിയിൽ നിന്ന് ഒഴിവാകാനാവില്ലെന്നാണ് വാദം.
ഒരു മാധ്യമപ്രവർത്തകനാണ് പരാതി നൽകിയത്. മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ടെന്നാണ് പരാതി. ഇതേക്കുറിച്ച് മുംബൈ റീജനൽ പാസ്പോർട്ട് ഓഫിസ് മധ്യപ്രദേശ് ഡി.ജി.പിയോട് വിശദാംശം തേടിയിരുന്നു. തുടർന്ന് അഞ്ചു കേസുകളിൽ മേധക്കെതിരെ കുറ്റപത്രം നൽകിയിട്ടുണ്ടെന്ന് ഡി.ജി.പി അറിയിച്ചു.
മേധ പട്കർ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാൻ വി.കെ. സക്സേനയും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.