വർക്ക് ഫ്രം ഹോം: ഇന്‍റർനെറ്റിനും വൈദ്യുതിക്കും ആര് പണം നൽകും? നിയമമുണ്ടാക്കാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ കാലത്തേക്ക് തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത്.
ജീവനക്കാരുടെ ജോലി സമയം, ഇന്‍റർനെറ്റിനും വൈദ്യുതിക്കുമുള്ള തുക ആരാണ് നൽകേണ്ടത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാറിന്‍റെ പരിഗണനക്ക് എത്തും.
നേരത്തെ കോവിഡ് മഹാമാരിയെ തുടർന്നാണ് രാജ്യത്ത് വർക്ക് ഫ്രം ഹോം വ്യാപകമായത്. എന്നാൽ, കോവിഡ് ഭീഷണി ഒഴിഞ്ഞാലും പല കമ്പനികളും വീട്ടിലിരുന്നുള്ള ജോലി തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് കേന്ദ്രസർക്കാറിന്‍റെ നടപടി. ഒമിക്രോൺ പോലുള്ള പുതിയ വകഭേദങ്ങൾ എത്തുന്നതും കേന്ദ്രസർക്കാറിനെ ഇത്തരമൊരു രീതിയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
പുതിയ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു. വൈകാതെ ഇതിനായുള്ള നിയമം നിലവിൽ വരും.
സ്റ്റാൻഡിങ് ഓർഡറിലൂടെ വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. സേവനമേഖലയിലാണ് വർക്ക് ഫ്രം ഹോമിന് അനുമതി നൽകിയത്. ഐ.ടി സ്ഥാപനങ്ങൾ വ്യാപകമായി വർക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഈയടുത്ത് പോർചുഗൽ വർക്ക് ഫ്രം ഹോമിനായി പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.