ഡിജിറ്റൽ അറസ്റ്റടക്കം വിവിധ സൈബർ തട്ടിപ്പുകളെ എങ്ങനെ നേരിടാം
text_fieldsന്യൂഡൽഹി: പണവും സ്വകാര്യ ഡേറ്റയും മോഷ്ടിക്കാൻ ആളുകളെ കബളിപ്പിക്കുന്ന നിരവധി സംഘങ്ങൾ വിലസുമ്പോൾ അതിൽനിന്നും പരിരക്ഷ നേടുന്നതിനുള്ള ഉപദേശ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാറിന്റെ സൈബർ സെക്യൂരിറ്റി ഏജൻസിയായ സി.ഇ.ആർടി-ഇൻ.
ഔദ്യോഗിക ആശയവിനിമയത്തിനായി സർക്കാർ ഏജൻസികൾ വാട്സ്ആപ് അല്ലെങ്കിൽ സ്കൈപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നില്ലെന്ന് സി.ഇ.ആർ.ടി-ഇൻ വ്യക്തമാക്കി. സൈബർ കുറ്റവാളികൾ ബന്ധപ്പെട്ടാൽ പരിഭ്രാന്തരാകരുതെന്ന് ഏജൻസി ആളുകളോട് നിർദേശിക്കുന്നു. ഫോണിലൂടെയോ വിഡിയോ കോളുകളിലൂടെയോ തന്ത്രപ്രധാനമായ വ്യക്തിപരമോ സാമ്പത്തികമോ ആയ വിശദാംശങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നു.
അജ്ഞാത നമ്പറുകളിൽ നിന്ന് ആരെങ്കിലും ഫോണിലൂടെയോ ഓൺലൈനിലൂടെയോ പണം ആവശ്യപ്പെടുകയാണെങ്കിൽ അത് മിക്കവാറും ഒരു തട്ടിപ്പായിരിക്കും. അധികരിക്കുന്ന ഈ സൈബർ ഭീഷണിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ജാഗ്രതയും വിവരവും നിർണായകമാണെന്നും CERT-In കൂട്ടിച്ചേർത്തു. ഡിജിറ്റൽ അറസ്റ്റിനു പുറമെ ഫിഷിംഗ്,ലോട്ടറി, സമ്മാനം പോലുള്ള മറ്റ് ഓൺലൈൻ കബളിപ്പിക്കലുകളെക്കുറിച്ചും ഏജൻസി വിശദീകരിക്കുന്നു.
*‘ഡിജിറ്റൽ അറസ്റ്റ്’ എന്നത് ഒരു ഓൺലൈൻ തട്ടിപ്പാണ്. ഐഡന്‍റിറ്റി മോഷണം അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തതിനാൽ താങ്കൾ അന്വേഷണത്തിലാണെന്ന് അവകാശപ്പെടുന്ന ഫോൺ കോളോ ഇ-മെയിലോ സന്ദേശമോ ഇരകൾക്ക് ലഭിക്കുന്നു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ അറസ്റ്റോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്ന് തട്ടിപ്പുകാരൻ ഇരയെ ഭീഷണിപ്പെടുത്തുന്നു. യുക്തിസഹമായ ചിന്തയെ തടയാൻ തട്ടിപ്പുകാർ പലപ്പോഴും പരിഭ്രാന്തി സൃഷ്ടിക്കും. നിയമപരമായ നടപടിയിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുകയാണെന്നതിന്റെ മറവിൽ വ്യക്തികളെ നിർദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്കോ യു.പി.ഐ ഐഡികളിലേക്കോ വലിയ തുക കൈമാറാൻ നിർബന്ധിക്കും.
*‘ഫിഷിംഗി’ൽ നിയമാനുസൃതമെന്ന് തോന്നുന്ന ഇ-മെയിലുകളോ സന്ദേശങ്ങളോ ഉൾപ്പെടുന്നു. തട്ടിപ്പുകാർ പലപ്പോഴും ലോഗോകളും വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്നുള്ള ബ്രാൻഡിങും ഇതിനായി ഉപയോഗിക്കും.
*ലോട്ടറി, സമ്മാന കുംഭകോണങ്ങളിൽ ഒരു വലിയ തുക നേടിയെന്നും സമ്മാനം ക്ലെയിം ചെയ്യുന്നതിന് ഒരു പ്രോസസ്സിംഗ് ഫീസോ നികുതിയോ നൽകണമെന്നും പറയുന്ന അറിയിപ്പുകൾ ലഭിക്കും.
*ടെക് പിന്തുണയുള്ള തട്ടിപ്പുകളിൽ, സൈബർ കുറ്റവാളികൾ ഉപയോക്താവിന്റെ സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവം മുതലെടുക്കും. ഒരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് അവർ രഹസ്യമായി ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് പ്രവേശനം നേടുകയും നിർണായകമായ വ്യക്തിഗത ഡേറ്റ മോഷ്ടിക്കുകയും ചെയ്യും.
*വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഇരകളുടെ ആഗ്രഹം മുതലെടുത്ത് ‘പോൻസി’ അല്ലെങ്കിൽ ‘പിരമിഡ് സ്കീമുക’ളിലൂടെ വമ്പൻ വരുമാനം വാഗ്ദാനം ചെയ്യുന്നതാണ് നിക്ഷേപ കുംഭകോണത്തട്ടിപ്പുകൾ.
*തട്ടിപ്പുകാർ ഇരയെ ഇ-മെയിൽ വഴിയോ സോഷ്യൽ മീഡിയ വഴിയോ ബന്ധപ്പെടുകയും അവരുടെ അക്കൗണ്ടിലേക്ക് തെറ്റായി പണം അയച്ചുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി പണം ഉടൻ തിരികെ നൽകാൻ വ്യക്തിയോട് ആവശ്യപ്പെടുന്നതിന് റാക്കറ്റർമാർ വ്യാജ ഇടപാട് രസീതുകളും ഉപയോഗിക്കുന്നു.
*ടെലകോം റെഗുലേറ്ററി ബോഡിയുടെ പേരിൽ ഇരകൾക്ക് കോളുകളോ സന്ദേശങ്ങളോ ലഭിക്കും. അവരുടെ സേവനത്തിൽ ഒരു പ്രശ്നം ഉള്ളതായി അവകാശപ്പെടുകയും ഐഡന്‍റിറ്റി സ്ഥിരീകരണത്തിനായി ഒ.ഡി.പികളും ബാങ്കിംഗ് വിവരങ്ങളും അടിയന്തിരമായി തേടുന്നതുമാണ് ‘ഫോൺ അഴിമതികൾ’.
*ഡിജിറ്റൽ അറസ്റ്റിന് സമാനമാണ് ‘പാഴ്സൽ തട്ടിപ്പുകൾ’. തങ്ങളുടെ മയക്കുമരുന്ന് പാഴ്സൽ പിടിച്ചെടുത്തിട്ടുണ്ടെന്നും പിഴയടച്ചില്ലെങ്കിൽ അറസ്റ്റോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും ഇരകളോട് ഒരു കോളിലൂടെയോ സന്ദേശത്തിലൂടെയോ അറിയിക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.